ചൈനീസ് ഉല്‍പന്നങ്ങള്‍ വാങ്ങുന്നവരുടെ കാല് തല്ലിയൊടിക്കണമെന്ന് ബി.ജെ.പി നേതാവ്

കൊല്‍ക്കത്ത- രാജ്യത്ത് ഇനിയും ചൈനീസ് ഉല്‍പന്നങ്ങള്‍ വാങ്ങുന്നവരുടെ കാല് തല്ലിയൊടിക്കണമെന്നും വീടുകള്‍ കൊള്ളയടിക്കണമെന്നും പശ്ചിമ ബംഗാളിലെ ബി.ജെ.പി നേതാവ് ജോയ് ബാനര്‍ജി. കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യന്‍ സൈനികര്‍ക്കുനേരെ നടന്ന അതിക്രമത്തിനുശേഷം രാജ്യത്ത് ചൈനീസ് വിരുദ്ധ വികാരം വളര്‍ത്താന്‍ ഹിന്ദുത്വ സംഘടനകള്‍ പ്രചാരണം ശക്തമാക്കിയതിനു പിന്നാലെയാണ് ബി.ജെ.പി നേതാവിന്റെ പ്രസ്താവന.

ചൈനയെ ഒരു പാഠം പഠിപ്പിക്കണമെന്നും ചൈനീസ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നതിലൂടെ ഇത് ആരംഭിക്കണമെന്നും ജോയ് ബാനര്‍ജി പറഞ്ഞു. ചൈനയുമായി ബന്ധപ്പെട്ട എല്ലാം വര്‍ജിക്കണം. അല്ലാത്തപക്ഷം അവരുടെ കാല് തല്ലിയൊടിക്കുകയും വീടുകള്‍ കൊള്ളയടിക്കുകയും വേണം- ജോയ് ബാനര്‍ജി പറഞ്ഞു.
അതേസമയം, ജോയ് ബാനര്‍ജിക്ക് മറുപടിയുമായി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. ആദ്യം ജോയ് ബാനര്‍ജിയുടെ പാര്‍ട്ടി ചൈനയോടുള്ള നിലപാട് വ്യക്തമാക്കട്ടെയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു.
പ്രതിസന്ധിയുടെ ഈ സമയത്ത് എല്ലാവരും സര്‍ക്കാരിനൊപ്പമാണ്. എന്നാല്‍ പ്രഭാഷണം നടത്തുന്നതിനുപകരം ചൈന നമ്മുടെ പ്രദേശത്ത് എങ്ങനെ പ്രവേശിച്ചുവെന്ന ചോദ്യത്തിന് ബി.ജെ.പി ആദ്യം മറുപടി നല്‍കണം. ചൈനീസ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കേണ്ടിവന്നാല്‍ ജനങ്ങള്‍ സ്വയം ചെയ്യും. ഇത്തരം പ്രസംഗങ്ങള്‍ നടത്താന്‍ ബി.ജെ.പിയെ ആരാണ് ചുമതലപ്പെടുത്തിയതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ചോദിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച കിഴക്കന്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതോടെയാണ് ചൈനീസ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനം സംഘ്പരിവാര്‍ സംഘടനകള്‍ തുടങ്ങിയത്. ചൈനീസ് ഭക്ഷണങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്നും ചൈനീസ് ഭക്ഷണം വില്‍ക്കുന്ന റസ്‌റ്റോറന്റുകള്‍ നിരോധിക്കണമെന്നും കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ ആവശ്യപ്പെട്ടിരുന്നു. പലയിടങ്ങളിലും പ്രതിഷേധക്കാര്‍ ചൈനീസ് കമ്പനികളുടെ ടെലിവിഷനും മൊബൈല്‍ ഫോണുമെല്ലാം എറിഞ്ഞുപൊട്ടിച്ചു. ദല്‍ഹിയില്‍ ചൈനീസ് എംബസിക്ക് സുരക്ഷ ശക്തമാക്കിയിരിക്കയാണ്.

 

Latest News