ജനങ്ങള്‍ സഹകരിച്ചു; കശ്മീരില്‍ നൂറിലെറെ ഭീകരരെ കീഴ്‌പ്പെടുത്തി

ഡി.ജി.പി ദില്‍ബാഗ് സിംഗ്

ശ്രീനഗര്‍- ജമ്മു കശ്മീരില്‍ ഭീകരര്‍ക്കെതിരെ നടത്തിയ എല്ലാ സൈനിക നടപടികളും വിജയമാണെന്നും ഒന്നര വര്‍ഷമായി താഴ്‌വരയില്‍ ഇതുവരെയില്ലാത്ത സമാധാനമാണെന്നും മുതിര്‍ന്ന സൈനിക, പോലീസ് ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടു. സരുക്ഷാ സേന സമാധാന പാതയിലൂടെയാണ് മുന്നേറുന്നതെന്നും കശ്മീരില്‍ ഇതുപോലെ സമാധാനം നിലനിന്ന സമയമില്ലെന്നും അവര്‍ പറഞ്ഞു. ഇത് പറയുന്നതില്‍ അത്യധികം ആഹ്ലാദമുണ്ടെന്ന് ജമ്മു കശ്മീര്‍ ഡി.ജി.പി ദില്‍ബാഗ് സിംഗ് വ്യക്തമാക്കി.


കഴിഞ്ഞ അഞ്ചര മാസത്തിനിടെ 100 ലേറെ ഭീകരരെ കീഴ്‌പ്പെടുത്തി. ഇവരില്‍ 50 ലേറെ പേര്‍ ഹിസ്ബുല്‍ മുജാഹിദീന്‍ അംഗങ്ങളും 20 പേര്‍ വീതം ലശ്കറെ തയ്യിബ, ജയ്‌ശെ മുഹമ്മദ് അംഗങ്ങളും ബാക്കിയുള്ളവര്‍ അല്‍ ബദര്‍, അന്‍സാര്‍ ഗസ്‌വതുല്‍ ഹിന്ദ് തുടങ്ങിയ ചെറിയ സംഘടനകളില്‍നിന്നുള്ളവരാണെന്നും ഡി.ജി.പി പറഞ്ഞു.


ജമ്മു മേഖലയില്‍ നടത്തിയ അര ഡസനോളം സൈനിക നടപടികളും വിജയമാണ്. ഇവിടെ ഒരു ഡസനോളം ഭീകരരെ കീഴ്‌പ്പെടുത്തി. ഇപ്പോള്‍ പീര്‍ പന്‍ജല്‍ മേഖല പൂര്‍ണമായും നിയന്ത്രണത്തിലാണ്. ദോദ-കശ്മീര്‍ മേഖല പൂര്‍ണമായും തീവ്രവാദ മുക്തമാകാന്‍ പോകുകയാണ്. ദോദയില്‍ ഒരു ഭീകരനും കിശ്ത്വാറില്‍ മൂന്ന് ഭീകരരുമാണ് അവശേഷിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.


കേന്ദ്ര ഭരണപ്രദേശത്തെ ജനങ്ങളില്‍നിന്ന് മികച്ച സഹകരണം  ലഭിക്കുന്നതു കൊണ്ടുമാത്രമാണ് ഭീകരര്‍ക്കെതിരായ സൈനിക നടപടികള്‍ വിജയിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഓരോ സൈനിക നടപടിയും വിജയകരമായി അവസാനിക്കുമ്പോള്‍ നാം സമാധാന പാതയിലേക്കാണ് ചുവടുവെക്കുന്നതെന്ന് ശ്രീനഗര്‍ ആസ്ഥാനമായുള്ള ചിനാര്‍ കോര്‍ ജനറല്‍ കമാന്‍ഡിംഗ് ഓഫീസര്‍ ലഫ് ജന. ബി.എസ് രാജു അവകാശപ്പെട്ടു. ഈ വര്‍ഷം ഇതുവരെ 102 ഭീകരരെ സുരക്ഷാ സേന കീഴ്‌പ്പെടുത്തിയെന്നും അങ്ങേയറ്റം പ്രൊഫഷണല്‍ രീതിയില്‍ സൈനിക നടപടി സ്വീകരിച്ചതുകൊണ്ടാണ് ഇത് സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ സൈനികര്‍ അസാധാരണ സംയമനം പാലിച്ചുകൊണ്ട് നടപടികള്‍ സ്വീകരിച്ചതിനാല്‍ ഒന്നോ രണ്ടോ സിവിലിയന്മാര്‍ക്ക് മാത്രമാണ് ജീവഹാനി നേരിട്ടതെന്നും ലഫ്. ജന. ബി.എസ് രാജു അവകാശപ്പെട്ടു. ഈ വര്‍ഷം ഭീകരര്‍ റിക്രൂട്ട് ചെയ്ത് 49 പേരില്‍ 27 പേരേയും കീഴപ്പെടുത്താന്‍ ഇതിനകം സാധിച്ചുവെന്നും താഴ് വരയില്‍ ഭീകരരുടെ റിക്രൂട്ടിംഗ് ഗണ്യമായി കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

 

Latest News