ഒറ്റയിരുപ്പിൽആറു കോഴ്‌സുകൾ; അത്ഭുതമായി പത്താം ക്ലാസുകാരി

ഹയ ഇസ്ഹാഖ് 

ലോക്ഡൗൺ കാലത്ത് വെറുതെയിരിക്കുന്നവർക്ക് ഹയ ഇസ്ഹാഖിനെ കണ്ടുപഠിക്കണം. വ്യത്യസ്തമായ വിദേശയൂനിവേഴ്‌സിറ്റികളിലെ ആറു കോഴ്‌സുകളാണ് ലോക്ഡൗൺ കാലത്ത് ഹയ ഇസ്ഹാഖ് പൂർത്തിയാക്കിയത്. യൂനിവേഴ്‌സിറ്റി ഓഫ് കോളറാഡോ, യൂനിവേഴ്‌സിറ്റി ഓഫ് കോപ്പൻഹേഗൻ, യൂനിവേഴ്‌സിറ്റി ഓഫ് മിനസോട്ടാ, യൂനിവേഴ്‌സിറ്റി ഓഫ് യു.സി.ഐ, യൂനിവേഴ്‌സിറ്റി ഓഫ് ജോൺസ് ഹോപ്കിൻസ്, കെസെ വെസ്‌റ്റേൺ റിസർവ് യൂനിവേഴ്‌സിറ്റി എന്നിവടങ്ങളിൽനിന്നാണ് കോഴ്‌സ് പാസായത്. 
ലോകത്ത് അറിയപ്പെടുന്ന ഒരുപാട് യൂനിവേഴ്‌സിറ്റികൾ ഒരുമിച്ച് കൊടുക്കുന്ന ഓൺലൈൻ കോഴ്‌സിന്റെ ഒറ്റ പ്ലാറ്റ്‌ഫോമാണ് കോഴ്‌സീറ. ഇതിൽ 11 വിഷയങ്ങളിൽ 6000 ത്തിലധികം വ്യത്യസ്ഥങ്ങളായ കോഴ്‌സുകൾ കൊടുക്കുന്നുണ്ട്. ഈ കോഴ്‌സുകൾ നടത്താൻ ഈ കോവിഡ് കാലത്ത് തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിന് അനുമതി ലഭിച്ചിരുന്നു. ഈ വർഷം സെപ്തംബർ 30 വരെയാണ് കോഴ്‌സ് നടത്താനുള്ള അനുമതിയിയുള്ളത്. ഈ സമയപരിധിക്ക് ശേഷവും കോഴ്‌സിന് ചേരാം. എന്നാൽ ഓരോ കോഴ്‌സിനും മുന്നൂറു മുതൽ അഞ്ഞൂറ് ഡോളർ വരെ ഫീസ് കൊടുക്കേണ്ടി വരും. കോളേജിന്റെ നേതൃത്വത്തിൽ ഈ കോവിഡ് കാലയളവിൽ കോഴ്‌സ് ഫീ ഇല്ലായിരുന്നു. ഈ അവസരം മുതലാക്കിയാണ് ഹയ ആറു കോഴ്‌സുകൾ കരസ്ഥമാക്കിയത്. 


ജിദ്ദയിൽ ഇന്ത്യൻ എംബസി സ്‌കൂളിൽ ആറാം ക്ലാസ് വരെ പഠിച്ച ഈ കൊച്ചു മിടുക്കി ഇപ്പോൾ കോഴിക്കോട് സെന്റ് ജോസഫ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് സ്‌കൂളിൽ പത്താം ക്ലാസ് പൂർത്തിയാക്കി. സ്‌കൂൾ വനിതാ ഫുട്‌ബോൾ ടീമംഗമായ ഹയ ചിത്ര രചന, കവിത, കഥാരചന എന്നീ മേഖലകളിലും കഴിവ് തെളിയിച്ചിട്ടുണ്ട്. ജിദ്ദയിൽ സ്‌പോർടിംഗ് യുനൈറ്റഡ് ഫുട്‌ബോൾ അക്കാദമിയിലെ അമരക്കാരിൽ ഒരാളും മലപ്പുറം ചെട്ടിപ്പടി സ്വദേശിയുമായ ഇസ്ഹാക്ക് പുഴക്കലകത്തിന്റെ മകളാണ്. ഉമ്മ അൻസാറ കടവത്ത്. ഹന്ന ഇസ്ഹാക്ക്, ഹൈദർ ഇസ്ഹാക്ക് എന്നിവരാണ് സഹോദരങ്ങൾ. 

Latest News