Sorry, you need to enable JavaScript to visit this website.

അപലപനീയം ഈ അവഗണനകൾ 

ബാപ്പാ 14 ദിവസം എന്ന് വെച്ചാ രണ്ടു ദിവസമാണോ? ഖത്തറിൽ നിന്നും നാട്ടിലെത്തി ക്വാറന്റൈനിൽ പ്രവേശിച്ച അഷ്‌റഫിനോട് അഞ്ചു വയസ്സായ മകളുടെ ചോദ്യം. പെട്ടെന്നുണ്ടായ ഹൃദയ സംബന്ധിയായ അസുഖത്തിന് തൽക്കാല ചികിത്സ കഴിഞ്ഞ് നാട്ടിലേക്ക് തിരിക്കാനിരിക്കുന്നതിനിടയിലാണ് ലോകമാകെ ലോക്ഡൗണിലായത്. ദീർഘനാളത്തെ കാത്തിരിപ്പിന് ശേഷം ഒടുവിൽ കഴിഞ്ഞ ആഴ്ചയാണ് അദ്ദേഹം വീടണഞ്ഞത്. തികച്ചും ഏകാന്ത വാസം. ടെസ്റ്റിലൊന്നും പ്രശ്‌നങ്ങളില്ല.  


അതിനിടയിൽ എയർപോർട്ടിൽനിന്നും കൂടെ വന്നയാൾക്ക് കോവിഡ് പോസിറ്റീവ് ആണെന്നറിഞ്ഞു. അഷ്‌റഫ് ചിരി തുടർന്നു. 'മോനേ ഞാനൊറ്റയ്ക്കായി പോവും. നാട്ടിലേക്ക് മോനെന്നേയും കൂടെ കൂട്ടണം.' പ്രായം ചെന്ന ആ പ്രവാസിയുടെ സൗമ്യമായ അപേക്ഷ തള്ളിയാൽ പടച്ചോൻ പൊറുക്കില്ലെന്ന ഉൾവിളിയാണത്രേ അയാളെ കൂടി കൂടെ കൂട്ടാൻ അഷ്‌റഫിനെ പ്രേരിപ്പിച്ചത്. 
ഭാര്യയും മക്കളും ബാപ്പയും വീടൊഴിഞ്ഞ് നിൽക്കുകയാണ്. ഇതിനിടയിൽ അഷ്‌റഫിനെ പൂച്ചയും മാന്തി. 'നിലവിളി ശബ്ദമിട്ട' ആംബുലൻസ് വന്നു. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ എല്ലാവരും തുറിച്ച് നോക്കി. 'കഴിഞ്ഞ് കാണുമോ ?' അതായിരുന്നു അവരുടെ കണ്ണിലെ ചോദ്യമെന്ന് സരസനായി അവൻ വായിച്ചു. 
ഇനിയും കുറച്ച് നാൾ കൂടി വേണം വീട്ടിലെ ശാരീരികാകല കാലം കഴിയാൻ. പ്രാർഥനയും ക്ഷമയും വേണ്ടുവോളം കൂട്ടിനുള്ള അഷ്‌റഫ് ഇതൊക്കെ പറയുമ്പോഴും സ്വതസിദ്ധമായ ചിരിയും നർമവും കൈവിടുന്നില്ല. നിസ്സാര കാര്യങ്ങൾ പോലും തരണം ചെയ്യാനുള്ള മനോ ബലമില്ലാതെ ആത്മമഹത്യയിലേക്ക് എടുത്തു ചാടുന്ന ഇളം തലമുറയ്ക്ക് ക്ഷമയെ കുറിച്ച് അഷ്‌റഫിൽ നിന്ന് ഏറെ പഠിക്കാനുണ്ട്.


വിവാഹം കഴിഞ്ഞ് മൂന്നാമത്തെ വർഷം പിന്നിടും മുമ്പേ വൃക്കരോഗിയായി മാറിയ പ്രിയതമയെ ഏറെ സ്‌നേഹ ലാളനയോടെ ചികിത്സിച്ചു. പക്ഷെ വിധി ഒടുവിൽ അവളെ തട്ടിയെടുത്തു. ഏതാനും വർഷങ്ങൾക്ക് ശേഷം താനോടിച്ച ബൈക്കിൽനിന്നും തെന്നി വീണ് പ്രിയപ്പെട്ട മാതാവ് മരണത്തിന് കീഴടങ്ങി. ഇപ്പോൾ ഹൃദയ സംബന്ധിയായ അസുഖത്തിന് തുടർ ചികിത്സ തേടി കൊണ്ട് കൂടിയാണ് ഈ ദുരിത കാലത്ത് അഷ്‌റഫ് നാട്ടിലെത്തിയിരിക്കുന്നത് എന്ന് കൂടി അറിയുമ്പോഴാണ് ഇങ്ങിനെയും ചിലർ നമുക്കിടയിൽ ക്ഷമാ പൂർവം ജീവിക്കുന്നുണ്ടെന്ന് നാമറിയുക. 
കോവിഡ് കാലത്ത് നാട്ടിലെത്തുന്ന പ്രവാസികൾ കടന്നു പോവുന്ന ദുരിതപർവങ്ങൾ ചില്ലറയല്ല. നാട്ടിലെത്തിയിട്ടും വീട്ടിലെത്താൻ കാത്തിരിക്കേണ്ടവർ. വീട്ടിലെത്തിയിട്ടും കുടുംബത്തിലെത്താൻ പിന്നെയും പ്രയാസപ്പെടുന്നവർ. പോരാത്തതിന് മാനസികമായി പീഡനമേൽപ്പിക്കുന്ന തരത്തിൽ നിരന്തരം സുരക്ഷാ കാരണങ്ങൾ പറഞ്ഞ് പേടിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന അപക്വമതികളും മലിനമനസ്‌ക്കരുമായ ചില ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടെയും ക്രൂര വിനോദങ്ങൾ.


എട്ടാം മാസത്തിലേക്ക് കടന്ന കടിഞ്ഞൂൽ ഗർഭിണിയായ ഒരു യുവതി ദുബൈയിൽനിന്നും കണ്ണൂരിലെത്തി ക്വാറന്റൈനിൽ പ്രവേശിച്ചതിന് ശേഷം ഇത്തരക്കാരുടെ നിരന്തരമായ അതിസുരക്ഷാ ഉപദേശ പീഡയുടെ ഫലമായി ഗർഭം അലസിപ്പോയതിന്റെ ദാരുണ കഥ ഇന്നലെ അവരുടെ ബന്ധുവായ ഒരു സുഹൃത്ത് പങ്ക് വെച്ചത് വേദനാപൂർവം ഓർത്ത് പോവുകയാണ്. 
ലോകം ഇന്ന് കടന്ന് പോവുന്ന ദിനരാത്രങ്ങൾ ഏറെ പ്രയാസകരം തന്നെയാണ്. അത് കൂടുതൽ കൂടുതൽ ദുരിത പൂർവമാക്കാതിരിക്കാൻ നാം ഓരോരുത്തരും പരസ്പരം ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. വാക്കിലും പ്രവൃത്തിയിലും മനോഭാവത്തിലും അതീവ ജാഗ്രതയും മാന്യതയും പാലിക്കേണ്ടതുണ്ട്. ഉദ്യോഗസ്ഥരായാലും ഭരണ കർത്താക്കളായാലും ബന്ധുക്കളായാലും മനുഷ്യത്വ രഹിതമായ നയങ്ങളും കാരുണ്യ വായ്പ് കൈവെടിഞ്ഞുള്ള സമീപനവും ദയവായി ആരോടും സ്വീകരിക്കരുത്. പ്രത്യേകിച്ചും പ്രവാസികളോട്. 


ഉറ്റവരേയും ഉടയവരേയും പിരിഞ്ഞ് പ്രതികൂല കാലാവസ്ഥയിൽ രോഗ പീഡകളുടേയും തൊഴിൽ സംബന്ധിയായ അരക്ഷിതത്വങ്ങളുടേയും ഇടയിൽ ഒട്ടേറെ ആത്മ സംഘർഷങ്ങൾ കൊണ്ട് വീർപ്പ് മുട്ടുന്നവരാണ് പ്രവാസികളിൽ ഭൂരിപക്ഷവും. അവശരായാലംബഹീനരായ് നാട് പിടിക്കാൻ പെടാപ്പാട് പെടുന്ന അത്തരക്കാരോട് വിവിധ സർക്കാറുകൾ കാട്ടുന്ന നേരിയ അവഗണനയും ചെറുതെന്ന് തോന്നിപ്പിക്കുന്ന അനീതി പോലും അവരിൽ കടുത്ത നിരാശയും പ്രതിഷേധവും ഉളവാക്കുമെന്നറിയുക. 
ഇത്തരം വിപൽ ഘട്ടത്തിൽ മാതൃരാജ്യത്തേക്ക് മടങ്ങാനുള്ള ഒരു പൗരന്റെ മൗലികാവകാശത്തെ, ധാർമികമായ അഭിലാഷത്തെ ഹനിക്കുന്നതെന്തും അപലപനീയമാണ്. അവന്റെ അന്തസിനേയും ആത്മബോധത്തേയും മുറിപ്പെടുത്തുന്ന ഏത് നിലാപാടും ക്രമീകരണങ്ങളും ആരിൽ നിന്നായാലും എന്തിന്റെ പേരിലായാലും മനുഷ്യത്വഹീനമാണെന്നത് കൂടി പറയാതെ വയ്യ.

Latest News