ന്യൂദൽഹി- ചൈനീസ് അതിർത്തിയിലെ സംഘർഷം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി വിളിച്ച സർവകക്ഷി യോഗം ഇന്ന്. വൈകിട്ട് അഞ്ചിന് നടക്കുന്ന യോഗത്തിൽ സോണിയ ഗാന്ധി, മമത ബാനർജി, ശരദ് പവാർ, നിതീഷ് കുമാർ, സീതാറാം യെച്ചൂരി, എം.കെ. സ്റ്റാലിൻ, ജഗൻമോഹൻ റെഡ്ഡി, ഡി.രാജ തുടങ്ങിയവർ പങ്കെടുക്കും.
തിങ്കളാഴ്ചത്തെ സംഘർഷത്തെക്കുറിച്ചുള്ള കൂടുതൽ വിവരം സർക്കാർ രാഷ്ട്രീയ പാർട്ടികളെ അറിയിക്കും. സേന ഉദ്യോഗസ്ഥർ ഇക്കാര്യം വിശദീകരിക്കും. പ്രശ്നപരിഹാരത്തിന് നടക്കുന്ന ചർച്ചകളേക്കുറിച്ചും യോഗത്തെ അറിയിക്കും.
ലഡാക്കിലെ ഗാൽവാനിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ സൈനികരിൽ ആരും ഗുരുതരാവസ്ഥയിലല്ലെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്. ആരും ഗുരുതരാവസ്ഥയിലല്ല, എല്ലാവരുടേയും നില ഭേദമാണെന്ന് സൈനിക വക്താവ് പറഞ്ഞു.
ലെയിൽ 18 സൈനികരാണ് ചികിത്സയിലുള്ളത്. ഇവർ 15 ദിവസത്തിനകം തിരികെ ജോലിയിൽ പ്രവേശിക്കും. 58 സൈനികർക്ക് നിസാര പരിക്കുകളാണുള്ളത്. ഇവർ മറ്റ് ആശുപത്രികളിൽ ചികിത്സയിലാണ്. ഒരാഴ്ചയ്ക്കുള്ളിൽ ഈ സൈനികർ ജോലിയിൽ പ്രവേശിക്കുമെന്നും സൈന്യം അറിയിച്ചു.






