മലപ്പുറം- ജില്ലയിൽ നാല് പേർക്ക് കൂടി ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരെല്ലാം വിവിധ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരാണെന്നും ജില്ലയിൽ പുതുതായി ആർക്കും സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായിട്ടില്ലെന്നും ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. പുതുതായി രോഗബാധ സ്ഥിരീകരിച്ചവരെല്ലാം ജില്ലയിലെ കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ജൂൺ 10 ന് മസ്‌കത്തിൽനിന്ന് കരിപ്പൂർ വഴി വീട്ടിലെത്തിയ തവനൂർ കാടഞ്ചേരി സ്വദേശി 65 വയസുകാരൻ, ദോഹയിൽ നിന്ന് ജൂൺ 10 ന് കരിപ്പൂർ വഴി തിരിച്ചെത്തിയ അങ്ങാടിപ്പുറം പരിയാപുരം സ്വദേശി 35 വയസുകാരൻ, കുവൈത്തിൽ നിന്ന് ജൂൺ 11 ന് കരിപ്പൂർ വഴി തിരിച്ചെത്തിയ തലക്കാട് വെങ്ങാനൂർ സ്വദേശി 63 വയസുകാരൻ, ദമാമിൽ നിന്ന് ജൂൺ 10 ന് കണ്ണൂർ വഴി വീട്ടിലെത്തിയ തൃക്കലങ്ങോട് പേലേപ്പുറം ചെറുവണ്ണൂർ സ്വദേശി 51 വയസുകാരൻ എന്നിവർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
കോവിഡ് സ്ഥിരീകരിച്ച് മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന രണ്ട് പേർ കൂടി ഇന്നലെ രോഗമുക്തരായി. മെയ് 29 ന് രോഗബാധയെ തുടർന്ന് ചികിത്സയിലായ എയർ ഇന്ത്യ ജീവനക്കാരിയായ മഹാരാഷ്ട്ര പൂനെ സ്വദേശിനി 24 വയസുകാരി, ജൂൺ ഒന്നിന് രോഗബാധ സ്ഥിരീകരിച്ച് ചികിത്സയിലായ ചേലേമ്പ്ര വൈദ്യരങ്ങാടി സ്വദേശി 33 വയസുകാരൻ എന്നിവർക്കാണ് രോഗം ഭേദമായതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. ഇവരെ തുടർ നിരീക്ഷണങ്ങൾക്കായി സ്റ്റെപ് ഡൗൺ ഐ.സി.യുവിലേക്ക് മാറ്റിയിരിക്കുകയാണ്.
ജില്ലയിൽ ഇന്നലെ 1,241 പേർക്കുകൂടി പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയതായി ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. 14,429 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. 373 പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 301 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ നാല് പേരും നിലമ്പൂർ ജില്ലാ ആശുപത്രിയിൽ അഞ്ച് പേരും തിരൂർ ജില്ലാ ആശുപത്രിയിൽ രണ്ട് പേരും കാളികാവ് പ്രത്യേക ചികിത്സാ കേന്ദ്രത്തിൽ 54 പേരും മുട്ടിപ്പാലം പ്രത്യേക ചികിത്സാ കേന്ദ്രത്തിൽ ഏഴ് പേരുമാണ് ചികിത്സയിലുള്ളത്. 13,044 പേരാണ് ഇപ്പോൾ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. 1,012 പേർ കോവിഡ് കെയർ സെന്ററുകളിലും ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിൽ കഴിയുന്നു.
ജില്ലയിൽ 223 പേരാണ് നിലവിൽ മഞ്ചേരി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതിൽ ആറ് പാലക്കാട് സ്വദേശികളും നാല് തൃശൂർ സ്വദേശികളും രണ്ട് കോഴിക്കോട് സ്വദേശികളും ഓരോ ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട സ്വദേശികളും ഉൾപ്പെടുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയിൽ ഇതുവരെ 318 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 5,962 പേർക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 1,028 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.