ന്യൂദൽഹി- കോണ്‍ഗ്രസിന്റെ ആശയങ്ങള്‍ക്കുവേണ്ടി ഇനിയും നിലകൊള്ളുമെന്ന് പാർട്ടി വക്താവ് സ്ഥാനത്തുനിന്ന് നീക്കം ചെയ്യപ്പെട്ട സഞ്ജയ് ഝാ. ട്വീറ്റിലൂടെയാണ് ഝായുടെ പ്രതികരണം.പാർട്ടിയെ വിമർശിച്ച് ഒരു പത്രത്തിൽ ലേഖനം എഴുതിയതിനു പിന്നാലെയാണ് ഝായെ കോൺഗ്രസ് വക്താവ് സ്ഥാനത്തുനിന്ന് നീക്കിയത്.
പണ്ഡിറ്റ് നെഹ്റു ഒരിക്കൽ ആത്മവിമർശനപരമായ ഒരു ലേഖനം സ്വേച്ഛാധിപതിയാകുന്നതിനെതിരെ മുന്നറിയിപ്പായി പേരുവെക്കാതെ ഒരു പത്രത്തിൽ എഴുതിയിരുന്നു. അതായിരുന്നു യഥാർഥ കോൺഗ്രസ്.ജനാധിപത്യം, ലിബറൽ, സഹിഷ്ണുത, ഉൾക്കൊള്ളൽ. നാം ആ മൂല്യങ്ങളിൽനിന്ന് ഏറെ വ്യതിചലിച്ചുപോയി. എന്തുകൊണ്ട്? ഐ.എൻ.സി.യുടെ പ്രതിജ്ഞാബദ്ധനായ ധീരനായ ആശയപോരാളിയായി ഞാൻ തുടരും- ഝാ വ്യക്തമാക്കി.
ഝായെ വക്താവ് സ്ഥാനത്തുനിന്ന് നീക്കിയതിനു പിന്നാലെ അഭിഷേക് ദത്തിനെയും സാധന ഭാരതിയെയും പാർട്ടിയുടെ നാഷണൽ മീഡിയ പാനലിസ്റ്റുകളായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നിയമിച്ചിട്ടുണ്ട്.






