ന്യൂദല്‍ഹി- ഒഡീഷയില്‍ ഈ മാസം 23ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പുരി ജഗന്നാഥ രഥയാത്ര സുപ്രീം കോടതി തടഞ്ഞു. ഈ വര്‍ഷം രഥയാത്ര അനുവദിച്ചാല്‍ ജഗന്നാഥ ദേവന്‍ ഒരിക്കലും പൊറുക്കില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ പറഞ്ഞു.
ഓരോ വര്‍ഷവും വലിയ ഒരുക്കങ്ങളോടെ നടത്താറുള്ള പുരി രഥയാത്രയില്‍ പതിനായിരങ്ങളാണ് സംബന്ധിക്കാറുള്ളത്.
കോവിഡ് മഹമാരിയുടെ പശ്ചാത്തലത്തില്‍ പൊതുജനാരോഗ്യവും സുരക്ഷയും കണക്കിലെടുത്താണ് തീരുമാനമെന്ന് ചീഫ് ജസ്റ്റിസ് ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു. രഥയാത്രയുമായി ബന്ധപ്പെട്ട മതപരമോ അല്ലാത്തതോ ആയ ഒരു ചടങ്ങും പാടില്ലെന്ന് കോടതി വ്യക്തമാക്കി.
പൂജകളെങ്കിലും അനുവദിക്കണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ ഉന്നയിച്ചിരുന്നു.മറുപടി നല്‍കാന്‍ ഒന്നോ രണ്ടോ ദിവസം അനുവദിക്കണമെന്നും ഒറ്റയടിക്ക് അനുമതി നിഷേധിക്കരുതെന്നും കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടിട്ടും കോടതി വഴങ്ങിയില്ല.
തുടര്‍ന്നാണ് ആള്‍ക്കൂട്ടമില്ലാതെ പൂജയെങ്കിലും അനുവദിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചത്. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ അനുഭവം മറിച്ചാണെന്ന് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് നിലപാടില്‍ ഉറച്ചുനിന്നു.






