ദുബായ്- കോവിഡ് വ്യാപന ഭീതിയിൽ അഞ്ച് മാസം നിർത്തിവെച്ച ഒട്ടകപ്പന്തയം ഓഗസ്റ്റിൽ പുനരാരംഭിക്കുമെന്ന് യു.എ.ഇ കാമൽ റേസിംഗ് ഫെഡറേഷൻ അറിയിച്ചു. ദുബായിലെ മർമൂം ട്രാക്കിലാണ് വാശിയേറിയ ഒട്ടകയോട്ട മത്സരങ്ങൾക്ക് സാക്ഷിയാകുക. സെപ്റ്റംബർ മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ നൂറുക്കണക്കിന് പ്രതിവാര മത്സരങ്ങൾ നടക്കാറുണ്ടെങ്കിലും കൊറോണ വൈറസ് ബാധമൂലം ഇത്തവണ ഒരു മാസം മുമ്പേ ഇതെല്ലാം താൽക്കാലികമായി നിർത്തിവച്ചിരുന്നു.
ഏറ്റവുമൊടുവിൽ, കൊറോണ വ്യാപനം തടയുന്നതിന് രാജ്യം ആഭ്യന്തര യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് അഞ്ച് ദിവസം മുമ്പ് മാർച്ച് 21 നാണ് അവസാനത്തെ പ്രധാന സർക്യൂട്ട് റേസ് അബുദാബിയിലെ അൽ വാത്ബ ട്രാക്കിൽ അരങ്ങേറിയത്.
അടുത്ത സീസണിൽ രണ്ട് പ്രധാന മത്സരങ്ങളാണ് നടക്കാനുള്ളത്. 'ദുബായ് ക്രൗൺ പ്രിൻസ് ഒട്ടക ഉത്സവം' 2021 ജനുവരി 23 മുതൽ ഫെബ്രുവരി നാല് വരെയും സർക്യൂട്ട് ഗ്രാൻഡ് ഫൈനൽ 'അൽ മർമൂം ഹെറിറ്റേജ് ഫെസ്റ്റിവൽ' 2021 മാർച്ച് 28 മുതൽ ഏപ്രിൽ എട്ട് വരെയും നടക്കും. മത്സരാർഥികൾ ഫെയ്‌സ് മാസ്‌കും ഗ്ലൗസും ധരിക്കണമെന്നും പാലിക്കുന്നില്ലെങ്കിൽ പിഴ ചുമത്തുമെന്നും ഫെഡറേഷൻ മുന്നറിയിപ്പ് നൽകി. ആവർത്തിച്ചുള്ള കുറ്റങ്ങൾക്ക് പിഴ ഇരട്ടിയാകും. കൂടാതെ, ആരോഗ്യസുരക്ഷാ മുൻകരുതൽ നടപടിയെന്നോണം, മത്സരിക്കുന്ന ഒട്ടകങ്ങളെ രാവിലെ ആറ് മണിക്ക് മുമ്പായി ഫാമിന് വെളിയിൽ കടത്താതിരിക്കുക, കാണികൾ ട്രാക്കിന് ചുറ്റും കൂടി നിൽക്കാൻ പാടില്ല, പരസ്പരം ചുരുങ്ങിയത് അഞ്ച് മീറ്റർ അകലം പാലിക്കുക തുടങ്ങിയ നിർദേശങ്ങളും ഫെഡറേഷൻ പുറപ്പെടുവിച്ചിട്ടുണ്ട്. രാവിലെ ആറര മണിയോടെയാണ് ഒട്ടകയോട്ടം ആരംഭിക്കുക.