മലപ്പുറം- വിദേശങ്ങളിൽ നിന്ന് വന്നവരുൾപ്പെടെ മലപ്പുറം ജില്ലയിൽ ഇന്നലെ 11 പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ജൂൺ പത്തിന് ജിദ്ദയിൽ നിന്നെത്തിയ ഗർഭിണിയായ ഇരുപത്തിരണ്ടു വയസ്സുകാരിക്കും രോഗബാധ സ്ഥിരീകരിച്ചു. സ്ഥിതി ഗുരുതരമാകുന്നതായി ആരോഗ്യ പ്രവർത്തകർ ഭയക്കുന്നു.
ഇന്നലെ പുതുതായി 537 പേർക്കു കൂടി പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയതായി ജില്ലാ കലക്ടർ കെ.ഗോപാലകൃഷ്ണൻ അറിയിച്ചു. 13,242 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. മൂന്നു പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും ഏഴു പേർ വിദേശ രാജ്യങ്ങളിൽ നിന്നുംഎത്തിയവരാണ്. പുതുതായി രോഗബാധ സ്ഥിരീകരിച്ചവരെല്ലാം മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
മഞ്ചേരി മാര്യാട് വീമ്പൂർ സ്വദേശിനി ഇരുപത്തിമൂന്നു വയസ്സുകാരിക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. ജൂൺ അഞ്ചിന് വൈറസ് ബാധ സ്ഥിരീകരിച്ച മഞ്ചേരി മാര്യാട് വീമ്പൂർ സ്വദേശിനിക്ക് (48) ആശാ വർക്കറുമായാണ് സമ്പർക്കമുണ്ടായത്. ജൂൺ ഒന്നിനു ചെന്നൈയിൽ നിന്നു സ്വകാര്യ ബസിൽ തിരിച്ചെത്തിയ തിരൂരങ്ങാടി ചെമ്മാട് പതിനാറുങ്ങൽ സ്വദേശി മുപ്പത്തഞ്ചു വയസ്സുകാരൻ, ജൂൺ ഒന്നിനു മുംബൈയിൽ നിന്നു വിമാനത്തിൽ കൊച്ചി വഴി തിരിച്ചെത്തിയ മാറഞ്ചേരി പുറങ്ങ് സ്വദേശി അറുപത്തിരണ്ടു വയസ്സുകാരൻ, ഇതേ വിമാനത്തിൽ ഇയാളുടെ ഒപ്പമെത്തിയ ഭാര്യ (52), മെയ് 31 ന് ദുബായിൽ നിന്നു കരിപ്പൂർ വഴി നാട്ടിലെത്തിയ തലക്കാട് ബി.പി.അങ്ങാടി കാട്ടച്ചിറ സ്വദേശി അറുപത്തിനാലു വയസ്സുകാരൻ, ജൂൺ മൂന്നിന് അബുദാബിയിൽ നിന്നു കരിപ്പൂർ വഴി നാട്ടിലെത്തിയ മാറാക്കര കരേക്കാട് സ്വദേശി നാൽപത്തൊന്നു വയസ്സുകാരൻ, ജൂൺ നാലിനു അബുദാബിയിൽ നിന്നു കരിപ്പൂർ വഴി ഒരേ വിമാനത്തിൽ നാട്ടിലെത്തിയവരായ ആലങ്കോട് നന്നംമുക്ക് ചങ്ങരംകുളം സ്വദേശി മുപ്പത്തിമൂന്നു വയസ്സുകാരൻ, ഇരിമ്പിളിയം പുറമണ്ണൂർ സ്വദേശിനി ഇരുപത്തിരണ്ടു വയസ്സുകാരി, ജൂൺ ആറിനു ബഹ്റൈനിൽ നിന്നു കൊച്ചി വഴി നാട്ടിലെത്തിയവരായ എടവണ്ണ ഒതായി സ്വദേശി ഇരുപത്തിയാറു വയസ്സുകാരൻ, കാവനൂർ വടക്കുംമല സ്വദേശി ഇരുപത്തിയൊന്നു വയസ്സുകാരൻ, ജൂൺ പത്തിനു ജിദ്ദയിൽ നിന്ന് കൊച്ചി വഴി നാട്ടിലെത്തിയ ആതവനാട് പുത്തനത്താണി കുറുമ്പത്തൂർ സ്വദേശിനി ഗർഭിണിയായ ഇരുപത്തിരണ്ടു വയസ്സുകാരി എന്നിവരാണ് രോഗബാധ സ്ഥിരീകരിച്ച മറ്റുള്ളവർ.
രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തിൽ സമ്പർക്കമുണ്ടായിട്ടുള്ളവർ വീടുകളിൽ പ്രത്യേക മുറികളിൽ നിരീക്ഷണത്തിൽ കഴിയണമെന്നു ജില്ലാ കലക്ടർ അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവർത്തകരെ അറിയിക്കണം. വീടുകളിൽ നിരീക്ഷണത്തിനു സൗകര്യമില്ലാത്തവർക്കു സർക്കാർ ഒരുക്കിയ കോവിഡ് കെയർ സെന്ററുകൾ ഉപയോഗപ്പെടുത്താം.