കൊച്ചി- ബാര്‍ കൗണ്‍സില്‍ എന്റോള്‍മെന്റ് അഭിഭാഷകവൃത്തിയിലേക്ക് കടക്കുന്ന ഏതൊരാളുടേയും സ്വപ്ന ദിനമാണ്. വലിയ ആഘോഷത്തോടും മാധ്യമ ശ്രദ്ധയോടും കൂടി നടത്തുന്ന എന്‍ റോള്‍മെന്റും കോവിഡ് കാലത്ത് ഓണ്‍ലൈനാകുകയാണ്.
വീട്ടിലിരുന്ന് പ്രതിജ്ഞയെടുത്ത് 850 പേരാണ് അഭിഭാഷകരാകാന്‍ ഒരുങ്ങുന്നത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് ജൂണ്‍ 27ന് ഓണ്‍ലൈന്‍ മുഖേന കേരള ബാര്‍ കൗണ്‍സില്‍ എന്റോള്‍മെന്റ്് സംഘടിപ്പിക്കുന്നത്.
അഭിഭാഷകരുടെ ഔദ്യോഗിക വസ്ത്രമണിഞ്ഞാണ് 850 പേരും വീട്ടിലിരുന്ന് ചടങ്ങില്‍ പങ്കെടുക്കേണ്ടത്. ബാര്‍ കൗണ്‍സില്‍ ചെയര്മാനടക്കമുള്ളവര് എറണാകുളത്തെ ബാര്‍ കൗണ്‍സില്‍ ഓഫീസില്‍ നിന്ന് ഓണ്‍ലൈന്‍ ചടങ്ങില്‍ പങ്കുചേരും. ബാര്‍ കൗണ്‍സില്‍ ചെയര്മാന് ചൊല്ലിക്കൊടുക്കുന്ന പ്രതിജ്ഞ എന്റോള്‍മെന്റ്് ചെയ്യുന്നവര്‍ വീട്ടിലിരുന്ന് ഏറ്റുചൊല്ലും. ലോകഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കിയ ശേഷമാകും ഇവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുക. ചടങ്ങിനു മുന്നോടിയായി ബാര്‍ കൗണ്‍സിലില്‍ ട്രയല്‍ റണ്‍ നടത്തി.