Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ബോളിവുഡിന് വേദനയായി സുശാന്ത്‌

കേദാർനാഥ് എന്ന സിനിമയിൽ സാറാ അലി ഖാനൊപ്പം സുശാന്ത്.

ഇർഫാൻ ഖാൻ, ഋഷി കപൂർ എന്നിവർക്ക് പിന്നാലെ ബോളിവുഡിനെ മാത്രമല്ല ഇന്ത്യൻ സിനിമാ ലോകത്തിനുതന്നെ ഞെട്ടലായിരിക്കുകയാണ് യുവാക്കളുടെ ഹരമായിരുന്ന താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ ആകസ്മിക വേർപാട്. അതും ദുരൂഹ സാഹചര്യത്തൽ. മുംബൈയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട സുശാന്ത് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. സുശാന്ത് കടുത്ത വിഷാദത്തിന് അടിമയായിരുന്നുവെന്ന സൂചനകളുമുണ്ട്. എന്നാൽ പ്രശസ്തിയിലേക്ക് കുതിച്ചുയരുകയായിരുന്ന, സിനിമയിൽ ഏറെ ഭാവിയുണ്ടായിരുന്ന 34 കാരൻ സ്വയം ജീവനൊടുക്കി എന്ന് വിശ്വസിക്കാൻ കുടുംബാംഗങ്ങൾക്കോ, ബന്ധുക്കൾക്കോ, സുഹൃത്തുക്കൾക്കോ കഴിയുന്നില്ല. സുശാന്തിന്റെ വിയോഗത്തിൽ നടുക്കവും ഞെട്ടലും രേഖപ്പെടുത്തിക്കൊണ്ടാണ് സിനിമാ മേഖലയിൽനിന്ന് അനുശോചനം പ്രവഹിച്ചത്.

'ഇത് അങ്ങേയറ്റം സങ്കടകരമാണ്... വളരെ ഞെട്ടിപ്പിക്കുന്നത്' എന്നായിരുന്നു പ്രിയ സുഹൃത്ത് കൂടിയായ സൂപ്പർ താരം ഷാരൂഖ് ഖാന്റെ ട്വീറ്റ്. 'അവന് എന്നെ ഒരുപാട് ഇഷ്ടമായിരുന്നു. ഞാനവനെ വല്ലാതെ മിസ് ചെയ്യും. അവന്റെ എനർജിയും ആവേശവും പിന്നെ സന്തോഷം നിറഞ്ഞ ആ പുഞ്ചിരിയും... ദൈവം സുശാന്തിന്റെ ആത്മാവിനെ അനുഗ്രഹിക്കട്ടെ, അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കുമൊപ്പം താൻ ഉണ്ടാകുമെന്നും' ഷാരൂഖ് ട്വീറ്റ് ചെയ്തു. ഷാരൂഖ് ഖാന്റെ സ്വയം പ്രഖ്യാപിത ആരാധകനായിരുന്നു സുശാന്ത്. സ്‌കൂളിൽ പഠിക്കുന്ന കാലം മുതൽ തന്നെ ഒരു നടനാകാൻ ഷാരൂഖ് ഖാനും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും തന്നെ പ്രേരിപ്പിച്ചതായി നിരവധി അഭിമുഖങ്ങളിൽ സുശാന്ത് വെളിപ്പെടുത്തിയിരുന്നു. 


സുശാന്തിന്റെ മരണവാർത്ത തന്നെ ഞെട്ടിച്ചുവെന്നും വാക്കുകൾ വറ്റിപ്പോയ അവസ്ഥയിലാണെന്നും അക്ഷയ് കുമാർ ഫെയ്‌സ്ബുക്കിൽ കുറിച്ചു. 
സുശാന്തിനെ വിഷാദം ബാധിച്ചിരുന്നുവെന്ന് സൂചിപ്പിക്കുന്നതായിരുന്നു മുമ്പ് വിഷാദ രോഗത്തിന് ചികിത്സ തേടിയിരുന്ന ദീപിക പദുകോണിന്റെ പ്രതികരണം. 'മാനസിക രോഗാവസ്ഥകളുമായി ജീവിച്ച ഒരു വ്യക്തി എന്ന നിലയിൽ മറ്റുള്ളവരുടെ സഹായം തേടലിന്റെ പ്രാധാന്യത്തെക്കുറിച്ച് ഊന്നിപ്പറയാൻ എനിക്ക് കഴിയില്ല. സംവദിക്കൂ... പ്രകടിപ്പിക്കൂ... സഹായം തേടൂ... ഓർക്കുക, നിങ്ങളൊരിക്കലും തനിച്ചല്ല. ഇക്കാര്യത്തിൽ നമ്മൾ ഒന്നാണ്' താരം ഇൻസ്റ്റാഗ്രാം പേജിൽ കുറിച്ചു.


ഇന്ത്യയിൽ വിഷാദരോഗം കണ്ടെത്തിയവരിൽ 90 ശതമാനം പേരും ചികിത്സ തേടുന്നില്ലെന്നും ദീപിക പറയുന്നു. 'വിഷാദരോഗമുള്ളവർക്ക് വേണ്ടത് വിദഗ്ധരുടെ സഹായമാണ്. വിഷാദം ഒരു രോഗമാണെന്നു തിരിച്ചറിയുകയും അതു തുറന്നു പറയാൻ ധൈര്യം കാണിക്കുകയും ചെയ്താൽ തന്നെ രോഗത്തോടുള്ള പോരാട്ടം എളുപ്പമാകും. സ്വന്തം അനുഭവത്തിൽനിന്ന് എനിക്കിതു പറയാനാകും. ഇതൊരു രോഗാവസ്ഥയാണെന്നു തിരിച്ചറിഞ്ഞു ചികിത്സ തേടണം.' ദീപിക പറയുന്നു.
ഇവരെ കൂടാതെ സിനിമാ, സ്‌പോർട്‌സ്, രാഷ്ട്രീയ രംഗങ്ങളിൽനിന്ന് നിരവധി പ്രമുഖർ സുശാന്തിന്റെ നിര്യാണത്തിൽ ദുഃഖവും അനുശോചനവും പ്രകടിപ്പിച്ചു. 
മിനി സ്‌ക്രീനിൽനിന്ന് സിനിമയിലേക്ക് ചുവടുവെച്ച സുശാന്ത് 2013 ൽ 'കൈ പോ ചെ' എന്ന സിനിമയിലൂടെയാണ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. ചേതൻ ഭഗത്തിന്റെ ബെസ്റ്റ് സെല്ലറായ 'ദി ത്രീ മിസ്റ്റേക്ക്‌സ് ഓഫ് മൈ ലൈഫി'നെ അടിസ്ഥാനമാക്കി അഭിഷേക് കപൂർ ഒരുക്കിയ കൈ പോ ചെ സുശാന്തിന് ഏറെ പ്രശസ്തനാക്കി. 


പിന്നീട് 'ശുദ്ധ് ദേശി' റൊമാൻസിലെ രഘുറാം, 'പി.കെ'യിലെ സർഫറാസ് യൂസഫ് എന്നിങ്ങനെ സുശാന്തിന്റെ കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടു. എന്നാൽ 2016 ൽ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയുടെ ബയോപിക് ആയ 'എം.എസ് ധോണി ദ അൺടോൾഡ് സ്റ്റോറി' ആണ് സുശാന്തിന് വമ്പൻ ബ്രേക്ക് നൽകിയത്. നീരജ് പാണ്ഡെ സംവിധാനം ചെയ്ത ചിത്രം സുശാന്തിന് ക്രിക്കറ്റ് ലോകത്തും ഒട്ടേറെ ആരാധകരെ നേടിക്കൊടുത്തു. 
റാബ്ത, കേദാർനാഥ്, വെൽകം ടു ന്യൂയോർക് തുടങ്ങിയവയാണ് സുശാന്ത് അഭിനയിച്ച മറ്റു ചിത്രങ്ങൾ. ശ്രദ്ധ കപൂറിനൊപ്പം 'ചിചോർ' എന്ന ചിത്രത്തിലാണ് അദ്ദേഹത്തെ അവസാനമായി കണ്ടത്. ഏറ്റവുമൊടുവിൽ സുശാന്ത് മുകേഷ് ഛബ്രയുടെ 'ദിൽ ബേ ചാര'യിൽ പ്രവർത്തിക്കുകയായിരുന്നു. എന്നാൽ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് സ്തംഭിച്ചു.
ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പ് സുശാന്ത് മിനി സ്‌ക്രീനിൽ തിളങ്ങിയിരുന്നു. 'പവിത്ര റിഷ്ത' എന്ന സീരിയൽ അദ്ദേഹത്തെ പ്രശസ്തനാക്കി. അതിൽ മുൻ കാമുകി അങ്കിത ലോഖണ്ഡെയും അഭിനയിച്ചു.

 

 

Latest News