ഖത്തര്‍ നല്‍കിയ പരാതിയില്‍ സൗദിക്ക് അനുകൂലമായി വിധി

റിയാദ് - സൗദി അറേബ്യക്കെതിരെ ഖത്തര്‍ നല്‍കിയ പരാതിയില്‍ ലോക വ്യാപാര സംഘടന ഡിസ്പ്യൂട്ട് ആര്‍ബിട്രേഷന്‍ സംഘം സൗദി അനുകൂല വിധി പ്രസ്താവിച്ചു. സ്വന്തം  സുരക്ഷാ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഖത്തറിനെതിരെ സൗദി അറേബ്യ സ്വീകരിച്ച നിലപാടിന് ന്യായീകരണമുണ്ടെന്ന് ആര്‍ബിട്രേഷന്‍ സംഘം വിധിച്ചു.


സൗദി അറേബ്യക്കെതിരായ പരാതിയില്‍ ഖത്തര്‍ ആറു വാദമുഖങ്ങളാണ് അവതരിപ്പിച്ചിരുന്നത്. ഇതില്‍ അഞ്ചും ലോക വ്യാപാര സംഘടന ആര്‍ബിട്രേഷന്‍ സംഘം തള്ളിക്കളഞ്ഞു. ബൗദ്ധിക സ്വത്തവകാശവുമായി ബന്ധപ്പെട്ട ഒരു വാദത്തില്‍ മാത്രമാണ് ആര്‍ബിട്രേഷന്‍ സംഘം ഖത്തര്‍ അനുകൂല തീര്‍പ്പില്‍ എത്തിച്ചേര്‍ന്നത്. ഇക്കാര്യത്തില്‍ നിര്‍ണിതമായ എന്തെങ്കിലും നടപടികള്‍ സ്വീകരിക്കണമെന്ന് ആര്‍ബിട്രേഷന്‍ സംഘം ആവശ്യപ്പെട്ടിട്ടുമില്ല. സൗദി അറേബ്യ അപ്പീല്‍ സമര്‍പ്പിച്ചതിനാല്‍ ഈ വിധിക്ക് സാധുതയുള്ളതായി കണക്കാക്കപ്പെടുകയുമില്ല.


സംപ്രേഷണാവകാശ ചോരണവുമായി ബന്ധപ്പെട്ട് സൗദി അറേബ്യക്കെതിരെ ഖത്തര്‍ വാദമുഖങ്ങള്‍ ഉന്നയിച്ചെങ്കിലും ചോരണം നടന്നത് സൗദി അറേബ്യക്കകത്താണെന്ന് കണ്ടെത്തിയിട്ടില്ല. സംപ്രേഷണാവകാശ ചോരണം സൗദി അറേബ്യ പിന്തുണക്കുകയാണെന്ന ഖത്തറിന്റെ അവകാശവാദങ്ങളും ആര്‍ബിട്രേഷന്‍ സംഘം തള്ളിക്കളഞ്ഞു.
ബൗദ്ധിക സ്വത്തവകാശത്തിന് തങ്ങള്‍ ശക്തമായ സംരക്ഷണം നല്‍കുന്നതായി ആര്‍ബിട്രേഷന്‍ സംഘത്തിന് സൗദി അറേബ്യ ഉറപ്പുനല്‍കി. വിശ്വനീയമായ തെളിവുകള്‍ ഉള്ള കേസുകളില്‍ ജുഡീഷ്യല്‍ നടപടിക്രമങ്ങള്‍ സ്വീകരിക്കുന്നുണ്ട്. സൗദിയില്‍ ബൗദ്ധിക സ്വത്തവകാശം നടപ്പാക്കുന്നത് ഉറപ്പുവരുത്തുന്ന ഏജന്‍സിയായ സൗദി അതോറിറ്റി ഫോര്‍ ഇന്റലകച്വല്‍ പ്രോപ്പര്‍ട്ടിക്ക് ബൗദ്ധിക സ്വത്തവകാശ ലംഘനവുമായി ബന്ധപ്പെട്ട് ഖത്തര്‍ ഒരു തെളിവുകളും കൈമാറിയിട്ടില്ല. ഭീകരതയുടെയും തീവ്രവാദത്തിന്റെയും ഭീഷണികള്‍ അതിജീവിക്കാനുള്ള ശ്രമങ്ങള്‍ തുടരാനും രാജ്യത്തിന് നിശ്ചയദാര്‍ഢ്യമുണ്ട്. ഇക്കാര്യത്തില്‍ സൗദി അറേബ്യയുടെ പരമാധികാര അവകാശങ്ങള്‍ ലോക വ്യാപാര സംഘടന ഡിസ്പ്യൂട്ട് ആര്‍ബിട്രേഷന്‍ സംഘം മനസ്സിലാക്കിയതായും ലോക വാണിജ്യ സംഘടനയിലെ സൗദി സ്ഥിരം പ്രതിനിധി പറഞ്ഞു.
രണ്ടു രാജ്യങ്ങള്‍ തമ്മിലെ അന്താരാഷ്ട്ര ബന്ധങ്ങളില്‍ അടിയന്തിര സാഹചര്യം ഉടലെടുക്കുന്ന പക്ഷം അടിസ്ഥാന സുരക്ഷാ താല്‍പര്യങ്ങള്‍ക്ക് ആവശ്യമായ നടപടികള്‍ അംഗ രാജ്യങ്ങള്‍ക്ക് സ്വീകരിക്കാവുന്നതാണെന്ന് ലോക വ്യാപാര സംഘടന കരാറിലെ സെക്യൂരിറ്റി എക്‌സെപ്ഷന്‍ ആര്‍ട്ടിക്കിള്‍ അനുശാസിക്കുന്നുണ്ട്.

മേഖലയില്‍ ഭീകര, തീവ്രവാദ ഭീഷണികളില്‍ നിന്ന് സ്വന്തം പൗരന്മാര്‍ക്കും സ്ഥാപനങ്ങള്‍ക്കും രാജ്യത്തിനും സംരക്ഷണം നല്‍കാനാണ് സൗദി അറേബ്യ ശ്രമിക്കുന്നതെന്ന നിഗമനത്തില്‍ ആര്‍ബിട്രേഷന്‍ സംഘം എത്തിച്ചേര്‍ന്നു. അന്താരാഷ്ട്ര ബന്ധങ്ങളില്‍ അടിയന്തിര സാഹചര്യമുണ്ടായ സമയത്താണ് സൗദി അറേബ്യ ഖത്തറിനെതിരെ നടപടികള്‍ സ്വീകരിച്ചത്.
റിയാദ് കരാറുകള്‍ ഖത്തര്‍ പാലിക്കാതിരുന്നതും, ഭീകരതക്കും തീവ്രവാദത്തിനുമുള്ള പിന്തുണയും മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലുകളും ഖത്തര്‍ അവസാനിപ്പിക്കാത്തതുമാണ് ഖത്തറുമായുള്ള നയതന്ത്രബന്ധങ്ങള്‍ സൗദി അറേബ്യ വിച്ഛേദിക്കാന്‍ കാരണം.

 

Latest News