ജനീവ- കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലാവരുടെ ജീവൻ രക്ഷിക്കാന്‍ ഡെക്സാമെത്തസോണ്‍ എന്ന മരുന്നിന് സാധിക്കുമെന്ന ബ്രിട്ടനിലെ കണ്ടൈത്തലിനെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന.
ബ്രിട്ടീഷ് സർക്കാരും ഓക്സ്ഫോർഡ് സർവകലാശാലയും നിരവധി ആശുപത്രികളും അടക്കം ആരോഗ്യ രംഗത്തെ സുപ്രധാന കാൽവയ്പുകളിലൊന്നായ ഈ കണ്ടെത്തലിൽ പങ്കുചേർന്ന എല്ലാവരും അഭിനന്ദനങ്ങൾ അർഹിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അഥനം ഗബ്രിയേസിസ് പറഞ്ഞു.
ആദ്യഘട്ട പഠനങ്ങളും പരിശോധന റിപ്പോർട്ടുകളുമാണ് പുറത്ത് വന്നിട്ടുള്ളതെന്നും ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കോവിഡിനെതിരെ മരുന്ന് കണ്ടുപിടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മരുന്ന് പരീക്ഷിച്ചത്. ജീവൻ രക്ഷാ മരുന്നായി ഡെക്സാമെത്തസോണ്‍ ഉപയോഗിക്കാമെന്ന കണ്ടെത്തൽ കോവിഡിനെതിരായ പോരാട്ടത്തിലെ സുപ്രധാന വഴിത്തിരിവാണെന്നാണ് യുകെയിലെ ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
വെന്റിലേറ്ററുകളിലെ രോഗികളുടെ മരണ സാധ്യത ഈ മരുന്ന് മൂന്നിലൊന്നായി കുറച്ചു. ഓക്സിജൻ സിലണ്ടറിന്റെ സഹായത്താൽ ചികിത്സയിലുള്ള രോഗികളുടെ മരണ സാധ്യത അഞ്ചിലൊന്നായി കുറയ്ക്കുകയും ചെയ്തു. കോവിഡിന്റെ തുടക്കം മുതൽ യുകെയിലെ രോഗികളെ ചികിത്സിക്കാൻ ഈ മരുന്ന് ഉപയോഗിച്ചിരുന്നെങ്കിൽ 5,000 ജീവനുകൾ രക്ഷിക്കാമായിരുന്നുവെന്ന് ഗവേഷകർ പറയുന്നു.
വിലകുറഞ്ഞതും വ്യാപകമായി ലഭ്യമായതുമായ സ്റ്റിറോയ്ഡാണ് ഡെക്സാമെത്തസോണ്‍. കുറഞ്ഞ അളവിലുള്ള ഡെക്സാമെത്തസോണ്‍ കോവിഡ് ബാധിച്ചവരിലെ മരണനിരക്ക് കുറയ്ക്കുമെന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍.
2,104 രോഗികള്‍ക്ക് മരുന്ന് നല്‍കുകയും മരുന്ന് നല്‍കാത്ത 4,321 പേരുടെ ചികിത്സാഫലവുമായി താരതമ്യപ്പെടുത്തുകയും ചെയ്തു. 28 ദിവസത്തിനുശേഷം ഫലം പരിശോധിച്ചപ്പോള്‍ വെന്റിലേറ്റര്‍ ഉപയോഗിച്ച രോഗികളില്‍ മരണനിരക്ക് 35 ശതമാനമായി കുറയ്ക്കാന്‍ കഴിഞ്ഞു. ഓക്സിജന്‍ മാത്രം നല്കിയിരുന്നവരില് മരണനിരക്ക് 20 ശതമാനമായും കുറച്ചു.






