കോണ്‍ഗ്രസിന്റെ പിറുപിറുക്കലിന് മറുപടിയുമായി ശിവസേന 

മുംബൈ-മഹാരാഷ്ട്രയിലെ മഹാ വികാസ് ആഘാഡി  സഖ്യസര്‍ക്കാരില്‍ അവഗണിക്കപ്പെടുകയാണെന്ന കോണ്‍ഗ്രസ് നേതാക്കളുടെ  ആരോപണത്തില്‍ വിശദീകരണവുമായി ശിവസേന...ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലൂടെയാണ് ശിവസേന മറുപടി നല്‍കിയിരിക്കുന്നത്.  മഹാ വികാസ് ആഘാഡി  സഖ്യസര്‍ക്കാരില്‍  വിള്ളലുകളില്ലെന്നും ഇത്തരം പ്രതിസന്ധികള്‍ സഖ്യകക്ഷികളില്‍ സ്വഭാവികമാണെന്നുമാണ് ശിവസേന വ്യക്തമാക്കുന്നത്.
എന്നാല്‍, ഒരു വസ്തുത കൂടി ശിവസേന വ്യക്തമാക്കി. വ്യത്യസ്ത പ്രത്യയ ശാസ്ത്രമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ചേര്‍ന്ന് സഖ്യത്തിലേര്‍പ്പെടുമ്പോള്‍ അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍ ശിവസേനയും എന്‍.സി.പിയും കോണ്‍ഗ്രസും ചേര്‍ന്നുള്ള മഹാവികാസ് ആഘാഡി സഖ്യം തകരുമെന്നും ഒരിക്കല്‍ കൂടി മഹാരാഷ്ട്ര രാജ്ഭവനില്‍ അതിരാവിലെയുള്ള രാഷ്ട്രീയ  നാടകങ്ങള്‍  നടക്കുമെന്ന് ആരും  കരുതേണ്ടെന്നും  ശിവസേന  എഡിറ്റോറിയലില്‍  പറഞ്ഞു.
ശിവസേനയുമായി  സഖ്യത്തിലേര്‍പ്പെട്ട് നിയമസഭാ  തെരഞ്ഞെടുപ്പിനെ നേരിട്ട  ബി.ജെ.പി അധികാരത്തിലേറിയതും തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുണ്ടായ  തര്‍ക്കത്തില്‍  സഖ്യ സര്‍ക്കാരിന്  അധികാരം  നഷ്ടമായതും  സൂചിപ്പിച്ചായിരുന്നു സാമ്‌നയിലെ  എഡിറ്റോറിയല്‍.
സഖ്യസര്‍ക്കാരിലെ മൂന്നാം നെടുംതൂണാണ് കോണ്‍ഗ്രസ് എന്ന് വിശേഷിപ്പിച്ച സാമ്‌ന, മൂന്ന് ഘടകകക്ഷികളെയും ഒരുമിച്ച് നിര്‍ത്താന്‍ ശിവസേന ഒരുപാട് സഹനങ്ങള്‍ നടത്തുന്നുണ്ടെന്നും വാദിച്ചു. 'ആവലാതികളുടെ ചരിത്ര പാരമ്പര്യ'മുള്ള പഴയ പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും  ശിവസേന പറഞ്ഞു.  വ്യത്യസ്ത അഭിപ്രായങ്ങളുള്ള നിരവധിപ്പേരുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അസ്വാരസ്യങ്ങള്‍ ഉണ്ടാകാനുള്ള കാരണവും അതാണ്.   എഡിറ്റോറിയലില്‍ പറയുന്നു.

 ു
 

Latest News