ഖത്തറിൽ വൻ ചെലവു  വെട്ടിച്ചുരുക്കൽ നടപടികൾ

റിയാദ്- കൊറോണ വൈറസ് വ്യാപനം സൃഷ്ടിച്ച പ്രത്യാഘാതങ്ങൾ ലഘൂകരിക്കാൻ ശ്രമിച്ച് വലിയ തോതിലുള്ള ചെലവു വെട്ടിച്ചുരുക്കൽ നടപടികൾക്ക് ഖത്തർ ഗവൺമെന്റിന്റെ ഉടമസ്ഥതയിലുള്ള വൻകിട കമ്പനികൾ തുടക്കം കുറിച്ചു. ചെലവ് വെട്ടിക്കുറക്കാനുള്ള ഖത്തർ ഗവൺമെന്റിന്റെ പദ്ധതിയുടെ ഭാഗമായാണ് സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികൾ ജീവനക്കാരുടെ വേതനം കുറക്കുകയും നൂറു കണക്കിന് ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്യുന്നത്. 


പൊതുമേഖലാ സ്ഥാപനമായ ഖത്തർ പെട്രോളിയം കമ്പനി 800 ജീവനക്കാരെ പിരിച്ചുവിട്ടതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ബ്ലൂംബെർഗ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ബി ഇൻ സ്‌പോർട്‌സ് ചാനൽ 100 ലേറെ ജീവനക്കാരെ പിരിച്ചുവിടുകയും മറ്റു ജീവനക്കാരുടെ വേതനം കുറക്കുകയും ചെയ്തിട്ടുണ്ട്. ചാനലിലെ ജോലി നഷ്ടപ്പെട്ടവരുടെ കൂട്ടത്തിൽ പ്രോഗ്രാം ആങ്കർമാർ, മാധ്യമപ്രവർത്തകർ, സാങ്കേതിക ജീവനക്കാർ എന്നിവരെല്ലാമുണ്ട്. ലോകത്തെങ്ങും നിലനിൽപിനു വേണ്ടി ടി.വി ആങ്കർമാരുടെ കാര്യത്തിൽ പ്രയാസമേറിയ തീരുമാനങ്ങൾ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. ബി ഇൻ സ്‌പോർട്‌സ് ചാനലും സമാന സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ചാനൽ വക്താവ് പറഞ്ഞു.


2022 ലെ ലോക കപ്പിന് ആതിഥ്യം വഹിക്കുന്ന ഖത്തർ വിദേശ ജീവനക്കാർക്കു വേണ്ടിയുള്ള ധനവിനിയോഗം കുറക്കാൻ പൊതുമേഖലാ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൊറോണ പ്രതിസന്ധിമൂലം വരുമാനം കുറഞ്ഞ പശ്ചാത്തലത്തിൽ വിദേശ പൈലറ്റുമാരുടെ വേതനം 25 ശതമാനം തോതിൽ കുറക്കാനും ചില ജീവനക്കാരെ പിരിച്ചുവിടാനും ഖത്തർ എയർവെയ്‌സും തീരുമാനിച്ചിട്ടുണ്ട്. 234 വിമാനങ്ങൾ ഉപയോഗിച്ച് ലോകത്തെ 170 നഗരങ്ങളിലേക്ക് സർവീസുകൾ നടത്തിയിരുന്ന ഖത്തർ എയർവെയ്‌സിനെ കൊറോണ പ്രതിസന്ധി ഗുരതുരമായി ബാധിച്ചിട്ടുണ്ട്. 
ഖത്തർ എയർവെയ്‌സിൽ ദീർഘകാല സർവീസുള്ള വിദേശ പൈലറ്റുമാരുടെ ശമ്പളം 25 ശതമാനം തോതിലും അവശേഷിക്കുന്നവരുടെ വേതനം 15 ശതമാനം തോതിലും കുറക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ പൈലറ്റുമാരിൽ ഒരു വിഭാഗത്തെ പിരിച്ചുവിടുകയും ചെയ്യും. എത്ര പൈലറ്റുമാരെയാണ് പിരിച്ചുവിടുകയെന്ന് കമ്പനി അറിയിച്ചിട്ടില്ല. കൊറോണമൂലം വ്യോമയാന വ്യവസായ മേഖല തകർന്നതിനാൽ നിരവധി ജീവനക്കാരെ പിരിച്ചുവിടാൻ നിർബന്ധിതമാകുമെന്ന് മെയ് മാസത്തിൽ പുറത്തിറക്കിയ സർക്കുലറിൽ കമ്പനി മുന്നറിയിപ്പ് നൽകിയിരുന്നു. 


കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിരവധി രാജ്യങ്ങൾ അതിർത്തികൾ അടക്കുകയും എയർപോർട്ടുകൾ അടച്ചിടുകയും ചെയ്തതിനെ തുടർന്ന് ഖത്തർ എയർവെയ്‌സ് 35 നഗരങ്ങളിലേക്കു മാത്രമാണ് സർവീസുകൾ നടത്തിയിരുന്നത്. കൂടുതൽ രാജ്യങ്ങൾ എയർപോർട്ടുകൾ തുറന്നതോടെ ഖത്തർ എയർവെയ്‌സ് സർവീസുകൾ വർധിപ്പിച്ചിട്ടുണ്ട്. 
വേതനം കുറച്ചോ പിരിച്ചുവിട്ടോ വിദേശ ജീവനക്കാരെ ജോലിക്കു വെക്കാനുള്ള ചെലവ് ജൂൺ ഒന്നു മുതൽ 30 ശതമാനം തോതിൽ കുറക്കണമെന്ന് സർക്കാർ ധനസഹായത്തോടെ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ധനമന്ത്രാലയം നിർദേശം നൽകിയിരുന്നു. കൊറോണ കാരണം ആഗോള തലത്തിൽ നടപ്പാക്കിയ ലോക്ഡൗണിന്റെ പ്രത്യാഘാതങ്ങളുടെയും ഊർജ നിരക്കുകൾ കുറഞ്ഞതിന്റെയും ഫലമായി ഏപ്രിലിൽ ഖത്തറിന്റെ പൊതുകടം ആയിരം കോടി ഡോളർ തോതിൽ വർധിച്ചിരുന്നു. 

Latest News