Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഒരു ലക്ഷം രൂപക്ക് പെട്രോൾ സ്‌പോൺസർ ചെയ്ത്  യുവാവ്; കഥയറിഞ്ഞപ്പോൾ അങ്കലാപ്പിലായി പമ്പ് ഉടമ

പെട്രോൾ പമ്പിലെ തിരക്ക്‌

പെരിന്തൽമണ്ണ- നഗരത്തിലെ പെട്രോൾ പമ്പിലെത്തി ഒരു ലക്ഷം രൂപയുടെ കെട്ട് പമ്പുടമയെ ഏൽപിച്ച് യുവാവ് പറഞ്ഞത് കാരുണ്യം വഴിയുന്ന വാക്കുകൾ. 
കോവിഡ് കാലമല്ലെ, വരുമാനമില്ലാതെ ദുരിതത്തിലായ പെരിന്തൽമണ്ണയിലെ ഓട്ടോ ഡ്രൈവർമാർക്ക് അഞ്ചു ലിറ്റർ വീതം ഇന്ധനം സൗജന്യമായി നൽകണം. കാരുണ്യവാനായ ആ പണക്കാരനെ പരിചയമില്ലെങ്കിലും ഒരു നല്ലകാര്യത്തിന് സഹായിക്കാനെത്തിയ ആളാണെന്ന് കരുതി പമ്പ് ഉടമ പണം വാങ്ങിവെച്ചു. പെട്രോൾ വിതരണവും തുടങ്ങി. നിമിഷങ്ങൾക്കകം സൗജന്യ ഇന്ധന വിതരണത്തെ കുറിച്ച് പെരിന്തൽമണ്ണയിലെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ സന്ദേശങ്ങൾ കാട്ടുതീ പോലെ പടർന്നു. ഓട്ടോകൾ തിക്കും തിരക്കും കൂട്ടി ഇന്ധനം നിറച്ചു. തിരക്കുമൂലം പമ്പിന്റെ പ്രവർത്തനം കുറച്ചു നേരം തടസ്സപ്പെട്ടു. 


എന്നാൽ ആഘോഷനിമിഷങ്ങൾ ഏറെ നീണ്ടില്ല. പണം നൽകിയ ആൾ മനോരോഗിയാണെന്നും വീട്ടിൽനിന്ന് പണമെടുത്ത് പോന്നതാണെന്നമുള്ള വിവരം ഉടനെ എത്തി. ഒരു ലക്ഷം വാങ്ങിവെച്ച പമ്പുടമയും സൗജന്യമായി ഇന്ധനം നിറച്ച ഓട്ടോ ഡ്രൈവർമാരും പരിഭ്രാന്തിയിലും ആശയക്കുഴപ്പത്തിലുമായി. 
പെരിന്തൽമണ്ണ നഗരത്തിലെ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പമ്പിലാണ് സംഭവം. വലിയ തുകയുമായെത്തിയ അപരിചിതനെ കുറിച്ച് അന്വേഷിക്കാനോ മറ്റോ നിൽക്കാതെ പമ്പ് ജീവനക്കാർ ഇന്ധന വിതരണം ഏറ്റെടുത്തതിനെതിരെ വിമർശനമുയർന്നു. 35,000 രൂപക്കുള്ള ഇന്ധനം അതിനകം സൗജന്യമായി നൽകിയതായാണ് പമ്പ് ഉടമ പറയുന്നത്.


പമ്പിൽ പണം ഏൽപിച്ച യുവാവിന്റെ സഹോദരനും കാര്യമറിയാതെ തന്റെ ഓട്ടോയിൽ സൗജന്യ ഇന്ധനം നിറച്ചിരുന്നു. അജ്ഞാതനായ യുവാവിന്റെ മഹാമനസ്‌കതയെ കുറിച്ച് വീട്ടിലെത്തി ഇയാൾ വിവരിച്ചപ്പോഴാണ് മനോരോഗിയായ സഹോദരൻ താൻ തന്നെയാണ് ആ മഹാമനസ്‌കൻ എന്ന് വെളിപ്പെടുത്തിയത്. ഇതോടെ വീട്ടുകാർ പമ്പിലേക്ക് കുതിച്ചു. എന്തു ചെയ്യുണമെന്നറിയാതെ ആശയകുഴപ്പത്തിലാണ് പമ്പ് ഉടമയും ജീവനക്കാരും. സൗജന്യ ഇന്ധനം കൈപ്പറ്റിയവർ പണം നൽകി യുവാവിനെ തിരിച്ചു സഹായിക്കണമെന്ന നോട്ടീസ് പമ്പ് ജീവനക്കാർ സോഷ്യൽമീഡിയയിലൂടെ പ്രചരിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. പണം വാങ്ങിവെച്ച് ഇന്ധനം അടിച്ചു നൽകാൻ തയാറായ പമ്പ് അധികൃതർക്കെതിരെ നടപടി വേണമെന്ന് നാട്ടുകാരും ആവശ്യപ്പെടുന്നു. ഇന്ധനം നിറച്ച ചില ഓട്ടോ ഡ്രൈവർമാർ പമ്പിലെത്തി പണം തിരിച്ചു നൽകി മാതൃക കാണിക്കുന്നുമുണ്ട്. 

 

Latest News