തിരുവനന്തപുരം-പ്രവാസികള്‍ ഗള്‍ഫ് നാടുകളില്‍ കിടന്ന് മരിക്കട്ടെ എന്നാണ് സര്‍ക്കാരിന്റെ സമീപനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കോവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് കൂടിയേ തീരു എന്ന് എന്തിനാണ് സര്‍ക്കാര്‍ നിര്‍ബന്ധം പിടിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. പ്രവാസികളോട് തുടക്കം മുതല്‍ സര്‍ക്കാര്‍ നിഷേധ നിലപാടാണ് സ്വീകരിക്കുന്നതെന്നും അവര്‍ ആരും ഇങ്ങോട്ട് വരരുതെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹമെന്നും ചെന്നിത്തല പറഞ്ഞു.
പ്രവാസികള്‍ മടങ്ങി വന്നാല്‍ എല്ലാ സൗകര്യവുമൊരുക്കുമെന്ന് പറഞ്ഞിട്ടു ഒരു സൗകര്യവുമൊരുക്കിയില്ല. ഏതാണ്ട് 12,000 ആളുകള്‍ വന്നപ്പോള്‍ ക്വാറന്റൈന്‍ സൗകര്യമില്ലാത്ത അവസ്ഥയായി. പിന്നീട് പെയ്ഡ് ക്വാറന്റൈന്‍ ആണെന്ന് പറഞ്ഞു. ഇപ്പോള്‍ അത് മാറി വീടുകളില്‍ ക്വാറന്റൈന്‍ മതിയെന്ന് പറയുന്നു. ഇതാണോ സര്‍ക്കാര്‍ ഒരുക്കിയ സൗകര്യം. 48 മണിക്കൂറിനുള്ളില്‍ കോവിഡില്ല എന്ന സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടാന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ബുദ്ധിമുട്ടാണ്.
സൗദി, ബെഹ്‌റൈന്‍, ഖത്തര്‍, കുവൈത്ത് ഉള്‍പ്പടെ എല്ലാ രാജ്യങ്ങളില്‍നിന്നും ആളുകള്‍ അക്കാര്യം വിളിച്ച് അറിയിക്കുന്നുണ്ട്. അവിടെ പരിശോധന നടത്താന്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. പാവപ്പെട്ട പ്രവാസികള്‍ക്ക് അതിന്‍െ ചിലവ് താങ്ങാന്‍ കഴിയില്ല. കെ.എം.സി.സി, ഒ.ഐ.സി.സി, ഇന്‍കാസ് തുടങ്ങിയ പ്രവാസി സംഘടനകള്‍ മുന്‍കൈ എടുത്ത് വിമാനങ്ങള്‍ ഏര്‍പ്പാട് ചെയ്താണ് പാവപ്പെട്ട പ്രവാസികളെ മടക്കിക്കൊണ്ടു വരുന്നത്.
ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചത് തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടിയാണ്. കോവിഡ് ബാധിച്ചവരെ പ്രത്യേക വിമാനത്തില്‍ കൊണ്ടു വരണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. കോവിഡ് ബാധിച്ച ആരെയും വിമാനത്താവളത്തില്‍ പോലും കയറ്റില്ല. പിന്നയല്ലേ വിമാനത്തില്‍ കൊണ്ടു വരുന്നത്. കോവിഡ് ബാധ തെളിഞ്ഞാല്‍ പിന്നെ ചികിത്സിക്കുകയാണ് ചെയ്യേണ്ടത്. ഇതറിഞ്ഞു കൊണ്ടാണ് മുഖ്യമന്ത്രി കത്തെഴുതിയത്. അത് തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടിയാണ്.
പ്രവാസികള്‍ ആരും നാട്ടിലേക്ക് വരരുതെന്ന നിര്‍ബന്ധ ബുദ്ധിയാണ് സര്‍ക്കാരിനുള്ളത്. അതിന് വേണ്ടിയാണ് സര്‍ട്ടിഫിക്കറ്റിന്റെ കാര്യം പറയുന്നത്. ഇതില്‍നിന്ന് സര്‍ക്കാര്‍ പിന്‍മാറണം. പരമാവധി ആളുകളെ ഇവിടേക്ക് കൊണ്ട് വന്ന് ആരോഗ്യ പ്രോട്ടോക്കോള്‍ അനുസരിച്ച് ചികിത്സിച്ച് കൊണ്ടുപോവുക എന്ന ഉത്തരവാദിത്തം നമുക്കുണ്ട്. അതില്‍ നിന്ന് ഒഴിഞ്ഞ മാറുന്നത് ശരിയില്ല.
കോവിഡ് ഉണ്ടോ ഇല്ലയോ എന്ന പ്രാഥമിക പരിശോധന നടത്തിയ ശേഷം അവരെ വിദേശത്തു നിന്ന മടക്കി കൊണ്ടു വരണം. എന്നിട്ട് ഏഴ് ദിവസം ക്വാറന്റൈനില്‍ വെക്കണം. തുടര്‍ന്ന് ടെസ്റ്റ് നടത്തണം. രോഗമുണ്ടെങ്കില്‍ ചികിത്സിക്കണം. ഈ നടപടി ക്രമം മാറ്റേണ്ട എന്ത് കാര്യമാണുണ്ടായത്? പ്രവാസികളോട് സര്‍ക്കാര്‍ കാണിക്കുന്ന ഈ അനീതി അവസാനിപ്പിക്കണം.
ബെവ്‌കോയുടെ ആപ്പ് ഒരു തട്ടിപ്പാണ്. നിക്ഷിപ്ത താല്‍പര്യം സംരക്ഷിക്കാനുള്ള അടവാണത്. യാതൊരു മുന്‍പരിചയവുമില്ലാത്ത പാര്‍ട്ടിക്കാരെ ഈ ആപ്പുണ്ടാക്കാന്‍ ഏല്‍പ്പിച്ചത് വഴി ബിവറേജസ് കോര്‍പ്പറേഷന് വന്‍ നഷ്ടമാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. സര്‍ക്കാരിന് കോടിക്കണക്കിന് രൂപയുടെ നഷ്ടവും ബാറുകാര്‍ക്ക് കോടിക്കണക്കിന് രൂപയുടെ ലാഭവും ഉണ്ടാക്കുന്ന പരിപാടിയാണിത്. ഇനിയെങ്കിലും ദുരഭിമാനം വെടിഞ്ഞ് സര്‍ക്കാര്‍ ബെവ്കോ ആപ്പ് പിന്‍വലിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.