അബുദാബി- റെഡ് സിഗ്നല്‍ മറികടക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ 1000 ദിര്‍ഹം പിഴ ഈടാക്കുമെന്ന് അബുദാബി പോലീസ് വ്യക്തമാക്കി. 30 ദിവസം വാഹനം പിടിച്ചിടുകയും 12 ട്രാഫിക് പോയിന്റുകള്‍ രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു. 25 സെക്കന്റ് ദൈര്‍ഘ്യമുള്ള ഒരു അപകടത്തിന്റെ വീഡിയോ ക്ലിപ്പിംഗ് സാമൂഹ്യ മാധ്യമങ്ങളിലെ അക്കൗണ്ടുകളില്‍ പോലീസ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. റെഡ് സിഗ്നല്‍ അവഗണിച്ച ഒരു കാര്‍ ഡ്രൈവര്‍ അപകടത്തിനിടയാക്കുന്നതിന്റെ ദൃശ്യങ്ങളാണ് ക്ലിപ്പിംഗിലുള്ളത്. വാഹനമോടിക്കുമ്പോള്‍ അതീവശ്രദ്ധ പുലര്‍ത്തണമെന്നും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നും ട്രാഫിക് നിയമങ്ങള്‍ പൂര്‍ണമായി പാലിക്കണമെന്നും പോലീസ് അഭ്യര്‍ഥിച്ചു.
അതേസമയം, ട്രക്ക് ഡ്രൈവര്‍മാര്‍ റെഡ് സിഗ്നല്‍ മറികടക്കുകയാണെങ്കില്‍ 3000 ദിര്‍ഹം പിഴ ഈടാക്കുകയും ഒരു വര്‍ഷം മുഴുവന്‍ വാഹനം പിടിച്ചിടുകയുമാണ് ശിക്ഷയെന്ന് അബുദാബി പോലീസ് ഓര്‍മിപ്പിച്ചു.






