മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ശക്തം

മനാമ- ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്ന പ്രവാസികള്‍ കോവിഡ് ടെസ്റ്റ് നടത്തിയിരിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പിടിവാശിക്കെതിരെ പ്രവാസലോകത്ത് പ്രതിഷേധം ശക്തമാകുന്നു. അപ്രായോഗിക നിര്‍ദേശമാണ് മുഖ്യമന്ത്രി മുന്നോട്ടു വെക്കുന്നതെന്നാണു ആക്ഷേപം. കേരളത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ സംസ്ഥാന സര്‍ക്കാര്‍ ശത്രുക്കളെപ്പോലെയാണ് കാണുന്നതെന്ന് ബഹ്‌റൈന്‍ ഒഐസിസി (ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്) ദേശീയ കമ്മിറ്റി ആരോപിച്ചു.

തിരിച്ചെത്താന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാം. എന്നാല്‍ അതിന് തയാറാകാതെ ചാര്‍ട്ടേഡ് വിമാനങ്ങളിലെങ്കിലും നാട്ടിലെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കെതിരേയുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണ്. യാത്രക്കു 48 മണിക്കൂര്‍ മുന്‍പ് പിസിആര്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് കിട്ടുക പ്രായോഗികമല്ല. പ്രവാസികളെല്ലാം രോഗികളാണെന്ന് സര്‍ക്കാരിന് സംശയം ഉണ്ടെങ്കില്‍ നോര്‍ക്കയുടെ നേതൃത്വത്തില്‍ പരിശോധന നടത്താം. അതിന് പണം ഇല്ലെങ്കില്‍ തുറന്നു പറഞ്ഞ് മറ്റ് വഴികള്‍ തേടണം. അതിനു പകരം പ്രവാസികള്‍ നാട്ടിലേക്ക് വരാതിരിക്കാനുള്ള നടപടികളല്ല സ്വീകരിക്കേണ്ടതെന്ന് ഒഐസിസി ദേശീയ കമ്മിറ്റി ചൂണ്ടിക്കാട്ടി.

പ്രളയകാലത്ത് കേരളത്തിന് താങ്ങായി നിന്ന പ്രവാസികളെ ശത്രുക്കളായി കണ്ട് ഉപദ്രവിക്കരുതെന്ന് ഐ.സി.എഫ് (ഇന്ത്യന്‍ സോഷ്യല്‍ ഫോറം) പറഞ്ഞു. ജോലി നഷ്ടപ്പെടുന്ന പ്രവാസികള്‍ക്ക് ആറുമാസത്തെ ശമ്പളം എന്ന പൊള്ളയായ വാഗ്ദാനം നടത്തിയ മുഖ്യമന്ത്രി ഇപ്പോള്‍ ദ്രോഹിക്കുന്ന നടപടികളാണ് സ്വീകരിക്കുന്നതെന്നും അവര്‍ ആരോപിച്ചു.

 

Latest News