കൊച്ചി- അനധികൃതസ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് സിപിഎം ഏരിയാ സെക്രട്ടറി സക്കീർ ഹുസൈനെ പുറത്താക്കിയെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് പാർട്ടി ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ .
ഇപ്പോഴും സക്കീർ തന്നെയാണ് ഏരിയാ സെക്രട്ടറി. സക്കീറിനെതിരെയുള്ള പരാതിയിൽ അന്വേഷണം നടക്കുന്നുണ്ട്. പാർട്ടി തീരുമാനം എടുക്കുമ്പോൾ പരസ്യപ്പെടുത്തുമെന്നും മോഹനൻ പറഞ്ഞു.
പാർട്ടി തന്നെ ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കിയിട്ടില്ലെന്നും തനിക്കെതിരായ നടപടിയെക്കുറിച്ച് പറയേണ്ടത് പാർട്ടി ജില്ലാ നേതൃത്വമാണെന്നും സക്കീർഹുസൈന്‍ പറഞ്ഞു. തനിക്കെതിരെ പരാതി നൽകിയത് ഒരു വിവരാവകാശ ഗുണ്ടയാണ്. അന്വേഷണം അടക്കമുള്ളവ പാർട്ടിയുടെ പരിധിയിൽ വരുന്നതാണ്. തനിക്ക് അതിൽ അഭിപ്രായം പറയാൻ അവകാശമില്ലെന്നും സക്കീർ ഹുസൈൻ പറഞ്ഞു.
എറണാകുളം ജില്ലാ കമ്മിറ്റിയിൽ നിന്നും കളമശ്ശേരി ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്നും സക്കീർ ഹുസൈനെ പുറത്താക്കിയെന്ന് കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിരുന്നു. പാർട്ടി അന്വേഷണസമിതി ഈ സമിതി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ സക്കീർ ഹുസൈനെ പുറത്താക്കിയെന്നായിരുന്നു പ്രചാരണം.






