Sorry, you need to enable JavaScript to visit this website.

യു.എ.ഇയിൽ ഈ മാസം 23 മുതൽ വിദേശ യാത്രാനുമതി

ദുബായ് - യു.എ.ഇയിൽ സ്വദേശികൾക്കും വിദേശികൾക്കും ജൂൺ 23 മുതൽ വിദേശയാത്രാനുമതി നൽകുമെന്ന് വിദേശ മന്ത്രാലയം അറിയിച്ചു. കൊറോണ വ്യാപനം തടയാൻ സ്വീകരിക്കുന്ന പ്രതിരോധ നടപടികളുടെ വെളിച്ചത്തിൽ വിദേശ മന്ത്രാലയവും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആന്റ് സിറ്റിസൺഷിപ്പും നാഷണൽ എമർജൻസി, ക്രൈസിസ് ആന്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയും ചേർന്നാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്.
കൊറോണ വ്യാപനം തടയാൻ സ്വീകരിക്കുന്ന മുൻകരുതൽ, പ്രതിരോധ നടപടികളുടെ പശ്ചാത്തലത്തിൽ, വ്യവസ്ഥകൾക്കും നടപടിക്രമങ്ങൾക്കും വിധേയമായി പ്രത്യേകം നിർണയിക്കുന്ന സെക്ടറുകളിലേക്കാണ് യാത്രാനുമതി നൽകുക. വിദേശയാത്രക്കുള്ള വ്യവസ്ഥകൾ, ഏതെല്ലാം സെക്ടറുകളിലേക്കാണ് യാത്രാനുമതി നൽകുക, ഏതെല്ലാം വിഭാഗങ്ങളിൽ പെട്ടവർക്കാണ് യാത്രാനുമതി നൽകുക എന്നീ കാര്യങ്ങൾ പിന്നീട് പരസ്യപ്പെടുത്തും.
യാത്രക്കു മുമ്പും യാത്രക്കിടെയും യാത്ര കഴിഞ്ഞ് രാജ്യത്ത് തിരിച്ചെത്തിയ ശേഷവും പാലിക്കേണ്ട നടപടികളും പരസ്യപ്പെടുത്തും. കൊറോണ വൈറസ് നേരിടുന്ന കാര്യത്തിൽ ബന്ധപ്പെട്ട വകുപ്പുകൾ നടത്തുന്ന തുടർച്ചയായ വിലയിരുത്തൽ പ്രക്രിയയിലൂടെ വെളിവായ ഗുണപരമായ സൂചകങ്ങളുടെയും സംഭവവികാസങ്ങളുടെയും വെളിച്ചത്തിലാണ് പുതിയ തീരുമാനം. കൊറോണ വൈറസ് വ്യാപനം തടയൻ യു.എ.ഇ സ്വീകരിക്കുന്ന മുൻകരുതൽ, പ്രതിരോധ നടപടികൾ ശ്രദ്ധേയമായ വിജയം വരിച്ചിട്ടുണ്ട്.

 

Latest News