ദുബായ്- ഡിജിറ്റല്‍ മീഡിയ, അതിന്റെ അനന്തസാധ്യതകള്‍ എന്നിവയെ കുറിച്ച് ഭാവിതലമുറക്ക് അടുത്തറിയാന്‍ സഹായകമാകുന്ന പുതിയ മീഡിയ അക്കാദമിക്ക് ദുബായില്‍ തുടക്കമായി. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം അക്കാദമി ഉദ്ഘാടനം ചെയ്തു. പുതിയ അക്കാദമി സവിശേഷമായ ഉപകരണങ്ങളും രഹസ്യങ്ങളും അടങ്ങിയ നവീനമായ ഒരു ശാസ്ത്രശാഖയാണെന്ന് അദ്ദേഹം പറഞ്ഞു.
കമ്മ്യൂണിക്കേഷന്‍ മേഖലയില്‍ ഗവണ്‍മെന്റ്, സ്വകാര്യ മേഖല സ്ഥാപനങ്ങളില്‍ പുതിയ വിദഗ്ധരെയും മാനേജര്‍മാരെയും വാര്‍ത്തെടുക്കുന്നതില്‍ അക്കാദമി നിര്‍ണായക പങ്കാളിത്തം വഹിക്കും- ശൈഖ് മുഹമ്മദ് അല്‍മക്തൂം ട്വിറ്ററില്‍ വ്യക്തമാക്കി. പുതിയ മീഡിയ സമീപഭാവിയില്‍ നിരവധി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതോടൊപ്പം വികസനത്തിലേക്കുള്ള കുതിപ്പില്‍ രാജ്യത്തിന് വലിയ പിന്തുണയേകുമെന്നും ദുബായ് ഭരണാധികാരി പ്രത്യാശിച്ചു.






