ഷാര്‍ജ തുറമുഖത്ത് മത്സ്യബന്ധന ബോട്ടുകളില്‍ വന്‍ അഗ്നിബാധ

ഷാര്‍ജ- എമിറേറ്റിലെ സെന്‍ട്രല്‍ മാര്‍ക്കറ്റിന് സമീപത്തെ ചെറിയ തുറമുഖത്ത് നിര്‍ത്തിയിട്ടിരുന്ന മരത്തടിയില്‍ നിര്‍മിച്ച നാല്  മത്സ്യബന്ധന ബോട്ടുകളിലുണ്ടായ അഗ്നിബാധ സിവില്‍ ഡിഫന്‍സ് നിയന്ത്രണവിധേയമാക്കി. രാവിലെ 10 മണി കഴിഞ്ഞതിന് ശേഷമാണ് അപകടം സംഭവിച്ചത്. അന്തരീക്ഷമാകെ വ്യാപിച്ച കനത്ത പുക വിദൂരങ്ങളില്‍പോലും ദൃശ്യമായി. ഇതേസമയം, നൗകയില്‍ നിരനിരയായ നിര്‍ത്തിയിട്ടിരുന്ന നാല് ബോട്ടുകളില്‍ തീ കനത്ത നാശനഷ്ടമുണ്ടാക്കിയെന്നാണ് സൂചന. വിവരമറിഞ്ഞ ഉടന്‍ സംഭവസ്ഥലത്ത് കുതിച്ചെത്തിയ ദ്രുതകര്‍മസേന തീരത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളില്‍നിന്ന് ജലപീരങ്കി ഉപയോഗിച്ച് തീ നിയന്ത്രണവിധേയമാക്കി. സിവില്‍ഡിഫന്‍സ് അതോറിറ്റി വെള്ളത്തിലിറങ്ങിയും രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കി. കൂടാതെ, തുറമുഖത്തേക്കുള്ള ഗതാഗതം ട്രാഫിക് വിഭാഗം താല്‍ക്കാലികമായി തടയുകയും ചെയ്തു. അഗ്നിബാധയുടെ കാരണം സംബന്ധിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അതേസമയം, അപകടത്തില്‍ ആളപായം സംഭവിച്ചിട്ടില്ലെന്ന് സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു.

 

 

Latest News