വിമാനവാഹിനി കപ്പലില്‍നിന്ന് മോഷണം പോയ ഉപകരണങ്ങള്‍ കണ്ടെടുത്തു

കൊച്ചി- കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മാണത്തിലിരുന്ന വിമാനവാഹിനി കപ്പലില്‍നിന്ന് മോഷണം പോയ 20 കംപ്യൂട്ടര്‍ ഉപകരണങ്ങളില്‍ 19 എണ്ണവും കണ്ടെടുത്തതായി ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ). കേസില്‍ അറസ്റ്റിലായ ബീഹാര്‍ സ്വദേശി സുമിത് കുമാര്‍ സിംഗ് (23), രാജസ്ഥാന്‍ സ്വദേശി ദയ റാം(22) എന്നിവരെ ഏഴ് ദിവസം എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ട് എന്‍.ഐ.എ കോടതി ഉത്തരവായി.
പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന എന്‍.ഐ.എയുടെ അപേക്ഷയിലാണ് തൊണ്ടി മുതലുകള്‍ കണ്ടെടുത്ത വിവരം വ്യക്തമാക്കിയത്. മോഷ്ടിച്ച മൈക്രോപ്രോസസറുകളിലൊന്ന് ഒ.എല്‍.എക്‌സ് വഴി വിറ്റു. ഇത് കേരളത്തിലുള്ളയാളാണ് വാങ്ങിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. അഞ്ച് മൈക്രോ പ്രൊസസറുകള്‍, 10 റാമുകള്‍, അഞ്ച് സോളിഡ് സ്റ്റേറ്റ് ഡ്രൈവ്‌സ് എന്നിവയാണ് മോഷണം പോയത്. ഇതില്‍ ഒരു മൈക്രോ പ്രൊസസറാണ് ഇനി കണ്ടെടുക്കാനുള്ളത്.
കപ്പല്‍ശാലയിലെ പെയിന്റിംഗ് കരാര്‍ തൊഴിലാളികളായിരുന്ന സുമിതും ദയറാമും 5,000 രൂപക്കാണ് പ്രൊസസര്‍ വിറ്റത്. കേസിന് രാജ്യസുരക്ഷയുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കും. അടുത്ത ദിവസം പ്രതികളുമായി മൈക്രോ പ്രോസസര്‍ വാങ്ങിയയാളുടെ അടുക്കലെത്തും. പ്രതികളെ തിരിച്ചറിയല്‍ പരേഡിനും വിധേയരാക്കും.

 

Latest News