കുടുംബത്തിന് കോവിഡ് പകരുമെന്ന ഭയം; ആദായ നികുതി ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി

ന്യൂദല്‍ഹി-  കുടുംബാംഗങ്ങള്‍ക്കും കോവിഡ് പകരുമെന്ന ഭയത്താല്‍ ഐ.ആര്‍.എസ് ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി. ഇന്‍കം ടാക്സ് ഓഫീസിലെ ഉദ്യോഗസ്ഥന്‍ ശിവരാജാണ് ആത്മഹത്യ ചെയ്തത്. കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയിട്ടും താന്‍ രോഗബാധിതനാണെന്ന ചിന്ത ഇയാളെ അലട്ടിയിരുന്നുവെന്ന് ബന്ധുക്കളെ ഉദ്ധരിച്ച് പോലീസ് പറയുന്നു.

ദല്‍ഹി ദ്വാരക സൗത്ത് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് 56 വയസ്സുകാരനായ ഉദ്യോഗസ്ഥന്‍ കാറിനുള്ളില്‍ ജീവനൊടുക്കിയത്. താന്‍ കാരണം കുടുംബാംഗങ്ങള്‍ക്ക് വൈറസ് പകരുമെന്ന ഭയമാണ് മരിക്കാന്‍ കാരണമെന്ന് കാറില്‍നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.

കാറില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഉദ്യോഗസ്ഥനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആസിഡ് കുടിച്ചാണ് ജീവനൊടുക്കിയത്.  ഒരാഴ്ച മുമ്പ് കോവിഡ് പരിശോധനയ്ക്ക് വിധേയനായ ഉദ്യോഗസ്ഥന് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിരുന്നു.

ദല്‍ഹിയില്‍ രോഗവ്യാപനം വര്‍ധിക്കുന്നതില്‍ ഇയാള്‍ക്ക് വലിയ ആശങ്കയുണ്ടായിരുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടരുകയാണെന്നും കുടുംബാംഗങ്ങളില്‍നിന്ന് വിവരം ശേഖരിക്കുമെന്നും പോലീസ് പറഞ്ഞു.

Latest News