ബീജിംഗ്- ചൈനീസ് തലസ്ഥാനത്ത് ആഴ്ചകളുടെ ഇടവേളക്ക് ശേഷം ഡസന്‍ കണക്കിന് പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചതോടെ വീണ്ടും ഭീതി പടരുന്നു. രോഗം പടരുന്നത് തടയാന്‍ വന്‍തോതില്‍ കോവിഡ് ടെസ്റ്റുകള്‍ക്ക് തുടക്കമിട്ടിരിക്കയാണ് അധികൃതര്‍.
ബീജിംഗിലെ പ്രധാന മൊത്ത ഭക്ഷ്യ വിപണിയുമായി ബന്ധപ്പെട്ടാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ജൂണ്‍ 12 ന് പുതിയ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതുവരെ ഏകദേശം രണ്ട് മാസമായി നഗരത്തില്‍ പുതിയ കേസുകളൊന്നും ഉണ്ടായിരുന്നില്ല. ഞായറാഴ്ച ആദ്യ ഏഴു മണിക്കൂറിനുള്ളില്‍ എട്ട് കേസുകള്‍ സ്ഥിരീകരിച്ചതോടെ പുതിയ രോഗികളുടെ എണ്ണം 51 ആയി ഉയര്‍ന്നിരിക്കയാണ്.
പുതുതായി രോഗം ബാധിച്ചവര്‍ ഏഷ്യയിലെ ഏറ്റവും വലിയ ഭക്ഷ്യവിപണിയായി അറിയപ്പെടുന്ന സിന്‍ഫാദി മാര്‍ക്കറ്റില്‍ ജോലി ചെയ്തവരോ ഷോപ്പിംഗിനായി സന്ദര്‍ശിച്ചവരോ ആണെന്ന് ആരോഗ്യ അതോറിറ്റി പറയുന്നു. ബീജിംഗ് അസാധാരണ സാഹചര്യമാണ് ഇപ്പോള്‍ നേരിടുന്നതെന്ന് നഗര വക്താവ് സൂ ഹെജിയാന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ശനിയാഴ്ച പുലരുന്നതിനുമുമ്പ് മാര്‍ക്കറ്റ് അടക്കുകയും മാര്‍ക്കറ്റ് ഉള്‍പ്പെടുന്ന ഡിസ്ട്രിക്ടില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നിയന്ത്രണ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു.
തലസ്ഥാനത്തുനിന്ന് അയല്‍ പ്രവിശ്യകളിലേക്കും രോഗം വ്യാപിച്ചതായി സ്ഥിരീകരിച്ചതിനാല്‍ പത്ത് ചൈനീസ് നഗരങ്ങളിലുള്ളവരോട് തലസ്ഥാനത്തേക്ക് വരരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അവസാനം കോവിഡ് പൊട്ടിപ്പുറപ്പെട്ട വുഹാനായി ബീജിംഗ് മാറാതിരിക്കാനാണ് അധികൃതരുടെ ജാഗ്രതാ നടപടികള്‍.






