ഇന്ത്യയില്‍ രണ്ടാം ദിവസവും 12,000 കോവിഡ് ബാധിതര്‍; മരണം 324

ന്യൂദല്‍ഹി- രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും 12,000 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് ബാധ കുതിച്ചുയരുന്നതിനിടെ ഞായറാഴ്ച 324 മരണങ്ങളാണ് സ്ഥിരീകരിച്ചത്.


രാജ്യത്ത് മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 3.33 ലക്ഷമായി ഉയര്‍ന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം രോഗമുക്തി നേടിയവരുടെ എണ്ണം 1.69 ലക്ഷത്തിലേറെയാണ്. ഞായറാഴ്ച 12,156 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്ത്. ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്ത റെക്കോര്‍ഡ് എണ്ണമായ 12,368 നെ അപേക്ഷിച്ച് നേരിയ കുറവുണ്ട്.


ദല്‍ഹിയില്‍ 2,224 പുതിയ കേസുകളാണ് ഒറ്റ ദിവസം സ്ഥിരീകരിച്ചത്. ആന്ധ്രാപ്രദേശ് (294), അസം (331), ഛത്തീസ്ഗഢ് (199) എന്നിവയടക്കം നിരവധി സംസ്ഥാനങ്ങളില്‍ ഒറ്റ ദിവസം ഏറ്റവും കൂടുതല്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മഹാരാഷ്ട്ര (3,390), തമിഴ്‌നാട് (1,974), ഗുജറാത്ത് (511), ഉത്തര്‍പ്രദേശ് (499), ഹരിയാന (459), പശ്ചിമ ബംഗാള്‍ (389) എന്നിവയാണ് കൂടുതല്‍ കേസുകള്‍ രേഖപ്പെടുത്തിയ മറ്റു സംസ്ഥാനങ്ങള്‍.


ജനസാന്ദ്രത കുറവുള്ള ലഡാക്കില്‍ ശനിയാഴ്ച 198 പുതിയ കേസുകളും ഞായറാഴ്ച 112 കേസുകളും സ്ഥിരീകരിച്ചു.  കേന്ദ്രഭരണ പ്രദേശത്ത് കോവിഡ് രോഗികളുടെ എണ്ണം 549 ആയി വര്‍ധിച്ചിരിക്കയാണ്.  


മഹാരാഷ്ട്ര, തമിഴ്‌നാട്, ദല്‍ഹി സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ കുറയുന്നില്ല. എല്ലാ ദിവസവും വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. ഇവിടങ്ങളില്‍ കോവിഡ് ബാധ സ്ഥിരമായി വര്‍ധിക്കുകയാണെന്ന്  മൂന്നാഴ്ചത്തെ കണക്കുകള്‍ വ്യക്തമാക്കുന്നു.  രാജ്യത്തെ മൊത്തം രോഗികളില്‍ ഈ സംസ്ഥാനങ്ങളുടെ പങ്ക് 57 ശതമാനം മുതല്‍ 59 ശതമാനം വരെയാണ്.

 

Latest News