Sorry, you need to enable JavaScript to visit this website.

ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തവർ 1,10,000 പേർ, 66 ശതമാനവും മലയാളികളെന്ന് അംബാസഡർ

റിയാദ്- സൗദി അറേബ്യയിൽ നിന്ന് നാട്ടിലേക്ക് പോകാൻ 1,10,000 പേർ രജിസ്റ്റർ ചെയ്‌തെന്നും അതിൽ 60 ശതമാനവും മലയാളികളാണെന്നും ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ്. വിവിധ പ്രവിശ്യകളിലുള്ള 30 ഇന്ത്യൻ സാമൂഹികപ്രവർത്തകരുമായി ഓൺലൈനിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് അംബാസഡർ ഇക്കാര്യം അറിയിച്ചത്. വന്ദേഭാരത് മിഷന്റെ പുതിയ ഘട്ടത്തിൽ എയർ ഇന്ത്യയോടൊപ്പം സ്വകാര്യ വിമാന കമ്പനികളും സർവീസ് നടത്തും. 20 ഓളം ചാർട്ടർ വിമാനങ്ങൾക്ക് അപേക്ഷ ലഭിച്ചിട്ടുണ്ട്.
തമിഴ്‌നാട്ടിൽ നിന്ന് 9000 പേരും യുപിയിൽ നിന്ന് 6400 പേരും തെലംഗാനയിൽ നിന്ന് 4080 പേരും നാട്ടിൽ പോകാൻ അപേക്ഷ നൽകിയവരിൽ പെടും. റിയാദ്, ദമാം, ജിദ്ദ എന്നിവിടങ്ങളിൽ നിന്ന് മാത്രമല്ല രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളിൽ നിന്നും ചാർട്ടർ വിമാന സർവീസുകൾക്ക് അനുമതി നൽകും. ഇന്ത്യയിലെ ഏത് വിമാനത്താവളത്തിലേക്കും സർവീസ് നടത്തുന്നതിനുള്ള നടപടികളുമുണ്ടാകും. ചാർട്ടർ വിമാന സർവീസുകളും അതൊരുക്കുന്നതിനുള്ള വ്യവസ്ഥകളും എംബസി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.
18 വിമാനങ്ങൾ വിവിധ കമ്പനികളും രണ്ടെണ്ണം സംഘടനകളുമാണ് ഒരുക്കുന്നത്. നാട്ടിലേക്ക് പോകാൻ രജിസ്റ്റർ ചെയ്തവരിൽ 35 ശതമാനം പേർ ജോലി നഷ്ടപ്പെട്ടവരും 25 ശതമാനം സന്ദർശന വിസയിൽ വന്നവരും 22 ശതമാനം ഗർഭിണികളും വിവിധ രോഗങ്ങളാൽ പ്രയാസപ്പെടുന്നവരുമാണ്. ഇതുവരെ നാട്ടിലേക്ക് മടങ്ങാനായത് 9,427 പേർക്കാണ്.  അംബാസഡർ പറഞ്ഞു.
വന്ദേഭാരത് സർവീസുകൾക്ക് ഓൺലൈൻ ടിക്കറ്റ് സാധ്യത പരിശോധിക്കും. ഒരുസമയം ഒരു വിമാനത്തിലേക്കുള്ള ടിക്കറ്റുകൾ മാത്രം വിതരണം ചെയ്യാനുള്ള നടപടികളെടുക്കും. ഇതോടെ ആളുകൾ വെയിലത്ത് നിന്ന് കഷ്ടപ്പെടുന്നത് ഒഴിവാക്കാം.
കോവിഡ് ബാധിച്ച് ഇതുവരെ 167 ഇന്ത്യക്കാർ മരിച്ചു. അവരിൽ 47 പേർ മലയാളികളാണ്. 30 യുപിക്കാരും 17 ബീഹാരികളും 13 തമിഴ്‌നാട്ടുകാരും മരിച്ചവരിൽ പെടും. ഈ വർഷം ഇതുവരെ മരിച്ച ഇന്ത്യക്കാരുടെ എണ്ണം 1,287 ആണ്. ഇന്ത്യൻ എംബസിയിൽ 788 ഉം ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ 499 ഉം മരണങ്ങളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
കോവിഡ് രോഗികൾക്ക് ആംബുലൻസ്, ക്വാറന്റീൻ സൗകര്യങ്ങൾക്ക് സൗദി അധികൃതരിൽ നിന്ന് അനുവാദം ലഭിച്ചിട്ടില്ല. എക്‌സിറ്റ് വിസയുടെ കാലാവധി കഴിഞ്ഞവരുടെ പ്രശ്‌നങ്ങളും ബന്ധപ്പെട്ട സൗദി വകുപ്പുകളുടെ ശ്രദ്ധയിൽപെടുത്തി പരിഹാരം കാണാൻ ശ്രമം നടത്തും. ഇന്ത്യൻ കമ്യൂണിറ്റി വെൽഫയർ ഫണ്ട് ഏറ്റവും അർഹതപ്പെട്ട അടിയന്തര കേസുകളിൽ ഉപയോഗിക്കുന്നുണ്ട്. സ്‌പോൺസർമാർ കയ്യൊഴിഞ്ഞ ആളുകൾക്ക് നാട്ടിൽ പോകാനും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനും ഈ ഫണ്ട് ഉപയോഗിച്ചുവരുന്നു. അംബാസഡർ വ്യക്തമാക്കി. ശിഹാബ് കൊട്ടുകാട്, അബ്ദുൽ ജലീൽ, ഇംറാൻ ഖൗസർ, പ്രവീൺ പിള്ള തുടങ്ങിയവരാണ് കേരളത്തെ പ്രതിനിധീകരിച്ചത്.

 

Latest News