കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് പിതാവും മകളും മരിച്ചു

ആശിഖ്

കോഴിക്കോട്- ഇരിങ്ങൽ മാങ്ങൂൽ പാറയ്ക്ക് സമീപം ടാങ്കർലോറിയും കാറും ബൈക്കും അപകടത്തിൽപ്പെട്ട് കാറിൽ സഞ്ചരിച്ചിരുന്ന രണ്ടുപേർ മരിച്ചു. രണ്ടുപേർക്ക്‌ പരിക്കേറ്റു. ശനിയാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം.

കണ്ണൂർ ചാല വെസ്റ്റ്‌വേ അപാർട്ട്‌മെന്റിലെ ആശിഖ് (47) മകൾ ആയിഷ (19) എന്നിവരാണ്‌ മരിച്ചത്‌. ആശിഖ് കൊയിലാണ്ടി താലൂക്ക്‌ ആശുപത്രിയിലും ആയിഷ വടകര സഹകരണ ആശുപത്രിയിലുമാണ്‌ മരിച്ചത്‌. ഇവർക്കൊപ്പമുണ്ടായിരുന്ന ലാസിം (14), ഷുഹൈബ എന്നിവർക്കാണ്‌ പരിക്ക്. ഇവരെ കോഴി​ക്കോട്‌ മെഡിക്കൽകോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എറണാകുളത്തേക്ക് പോകുകയായിരുന്ന ടാങ്കർ ലോറി നിയന്ത്രണംവിട്ട് റോഡിൽ വലതുവശത്തേക്ക് കയറുകയായിരുന്നു. ഈ സമയത്ത് പിറകിൽ വന്ന കാറും ബൈക്കും ടാങ്കറിൽ ഇടിച്ചുവെന്നാണ് കരുതുന്നത്. അപകടത്തെ തുടർന്ന്‌ ദേശീയപാതയിൽ ഗതാഗത തടസ്സമുണ്ടായി. എൽ.പി.ജി.യുടെ കാലി ടാങ്കർ ലോറിയാണ് അപകടത്തിൽപ്പെട്ടത്.

​പ്രമുഖ വ്യാപാരി പരേതനായ സി.പി അബുവിന്‍റെ മകനായ ആശിഖ് നഗരത്തിലെ പ്രമുഖ യുവ വ്യാപാരിയാണ്. തൊടുപുഴ അൽ അസ്ഹർ മെഡിക്കൽ കോളജിൽ രണ്ടാം വർഷ എം.ബി.ബി.എസ് വിദ്യാർഥിനിയാണ് ആയിഷ.

മാതാവ്: സുബൈദ. ആശിഖിന്‍റെ ഭാര്യ: പരേതയായ സുനീറ. സഹോദരങ്ങൾ: സി.പി അൻവർ (സൂപ്പർ സ്റ്റോർ, കണ്ണൂർ), സാഹിദ, സാജിദ, സുനീദ.

Latest News