കൽപറ്റ-കർണാടകയിലെ വീരാജ്പേട്ടയിൽനിന്നു കോവിഡ്19 ജാഗ്രത വ്യാജ പാസുമായി മുത്തങ്ങ കലൂർ ഫെസിലിറ്റേഷൻ സെന്ററിലെത്തിയ ആറംഗ സംഘത്തിനെതിരെ കേസെടുത്തു. ഫെസിലിറ്റേഷൻ സെന്ററിൽ പരിശോധനയിലാണ് പേരാമ്പ്രയിലേക്കുള്ള യാത്രക്കു ഇവരുടെ കൈവശമുള്ള പാസ് വ്യാജമാണെന്നു കണ്ടെത്തിയത്. നാലു പുരുഷന്മമാരും രണ്ടു സ്ത്രീകളുമാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ജാമ്യം അനുവദിച്ചതിനെത്തുടർന്നു ഇവർ പേരാമ്പ്രയിലേക്കു പോയി. വീരാജ്പേട്ടയിലെ ചിലർ ഒന്നിനു 2000 രൂപ നിരക്കിൽ തയാറാക്കി നൽകിയതാണ് പാസുകളെന്നാണ് സംഘാംഗങ്ങൾ പോലീസിനോടു വെളിപ്പെടുത്തിയത്. വ്യാജ പാസുകൾ തയാറാക്കുന്നവരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കാനുള്ള നീക്കത്തിലാണ് പോലീസ്.






