കണ്ണൂർ- ഏഴിമല നാവിക അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ 258 കാഡറ്റുകൾ പുറത്തിറങ്ങി. കോവിഡ് പശ്ചാത്തലത്തിൽ പാസിംഗ് ഔട്ട് പരേഡ് ഒഴിവാക്കി. ദക്ഷിണ നാവിക കമാൻഡ് ഫഌഗ് ഓഫീസർ വൈസ് അഡ്മിറൽ അനിൽ കുമാർ ചാവ്‌ല മുഖ്യാതിഥിയായിരുന്നു.
ബി.ടെക്, എം.എസ്‌സി, നാവൽ ഓറിയന്റേഷൻ കോഴ്‌സുകൾ പാസായ കാഡറ്റുകളാണ് പുറത്തിറങ്ങിയത്.. ഇവർ നാവിക സേന, കോസ്റ്റ് ഗാർഡ്, വിദേശസേനാ കപ്പലുകൾ എന്നിവയിൽ സേവനം അനുഷ്ഠിക്കും. പരിശീലനം പൂർത്തിയാക്കിയവരിൽ 7 പേർ വിദേശ കാഡറ്റുകളാണ്. ശ്രീലങ്ക, മ്യാൻമർ എന്നിവിടങ്ങളിൽ നിന്നും രണ്ട് പേർ വീതവും, മാലിദ്വീപ്, ടാൻസാനിയ, സിഷെൽസ് എന്നിവിടങ്ങളിൽ നിന്നും ഓരോ കാഡറ്റ് വീതവുമാണ് പരിശീലനം പൂർത്തിയാക്കിയത്.
സുശീൽ സിംഗ്, ഭാവി ഗുജ്‌റാൽ, വിപുൽ ഭരദ്വാജ്, റിയ ശർമ്മ എന്നിവർ പരിശീലന മികവിനുള്ള വിവിധ അവാർഡുകൾക്കർഹരായി. ഏഴിമല നാവിക അക്കാദമി കമാൻഡൻഡ് വൈസ് അഡ്മിറൽ ദിനേഷ് കെ. ത്രിപാഠി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ ചടങ്ങിൽ സംബന്ധിച്ചു.