Sorry, you need to enable JavaScript to visit this website.

സമസ്ത 253 മദ്രസകൾക്ക് കൂടി അംഗീകാരം നൽകി

മലപ്പുറം- സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് നിർവ്വാഹക സമിതി പുതുതായി 253 മദ്രസകൾക്ക് കൂടി അംഗീകാരം നൽകി. ഇതോടുകൂടി സമസ്തയുടെ അംഗീകൃത മദ്രസകളുടെ എണ്ണം 10257 ആയി. കേരളം 3, കർണാടക 24, ആന്ധ്രപ്രദേശ് 45, ബീഹാർ 16, വെസ്റ്റ് ബംഗാൾ 85, ആസാം 80 എന്നിങ്ങനെയാണ് പുതുതായി അംഗീകരിച്ച മദ്രസകളുടെ എണ്ണം. കേരളത്തിന് പുറത്ത് ഹാദിയയുടെ കീഴിൽ നടത്തിവന്നിരുന്ന മദ്രസകളാണ് ഇപ്പോൾ വിദ്യാഭ്യാസ ബോർഡിനുകീഴിൽ അംഗീകരിച്ചത്.
കോളേജുകളുടെ പഠന സമയം രാവിലെ 8.30 മുതൽ 1.30 വരെയാക്കിയ സംസ്ഥാന സർക്കാറിന്റെ ഉത്തരവിൽ വെള്ളിയാഴ്ചയിലെ സമയത്തിൽ മാറ്റം വരുത്തണമെന്ന് സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു.
ഈയിടെ അന്തരിച്ച സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ട്രഷറർ സി.കെ.എം സ്വാദിഖ് മുസ്ലിയാർ, വിദ്യാഭ്യാസ ബോർഡ് ജനറൽ ബോഡി മെമ്പർ മെട്രോ മുഹമ്മദ് ഹാജി എന്നിവർക്കുവേണ്ടി പ്രാർത്ഥന നടത്തി. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാർ സ്വാഗതം പറഞ്ഞു. പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാർ, പി.പി ഉമ്മർ മുസ്ലിയാർ കൊയ്യോട്, സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പാണക്കാട്, ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്വി കൂരിയാട്, കെ.ടി ഹംസ മുസ്ലിയാർ, കെ.ഉമ്മർ ഫൈസി മുക്കം, വാക്കോട് മൊയ്തീൻകുട്ടി ഫൈസി, ഡോ. എൻ.എ.എം അബ്ദുൽഖാദിർ, എം.സി മായിൻ ഹാജി, കെ.എം അബ്ദുല്ല മാസ്റ്റർ കൊട്ടപ്പുറം, അബ്ദുൽഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂർ, ഇ.മൊയ്തീൻ ഫൈസി പുത്തനഴി, പിണങ്ങോട് അബൂബക്കർ, ഇസ്മായിൽ കുഞ്ഞുഹാജി മാന്നാർ പ്രസംഗിച്ചു. മാനേജർ കെ.മോയിൻകുട്ടി മാസ്റ്റർ നന്ദി പറഞ്ഞു.

 

Latest News