വിദേശികള്‍ 25 ശതമാനം മതി, പ്രവാസം 15 വര്‍ഷത്തിലൊതുക്കണം: മാര്‍ഗരേഖ കുവൈത്ത് പാര്‍ലമെന്റില്‍

കുവൈത്ത് സിറ്റി- കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ രാജ്യത്ത് ജനസംഖ്യാപരമായി ദീര്‍ഘകാലമായി നിലവില്‍ക്കുന്ന അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ കുവൈത്ത് തയാറെടുക്കുന്നു. ഗവണ്‍മെന്റ് നിയോഗിച്ച കമ്മിറ്റിയാണ് പാര്‍ലമെന്റിന് മുമ്പാകെ പ്രശ്‌ന പരിഹാരത്തിന് പുതിയ മാര്‍ഗരേഖ അവതരിപ്പിച്ചത്.
കുവൈത്ത് ജനസംഖ്യയില്‍ വിദേശികള്‍ക്ക് 25 ശതമാനം ക്വാട്ടയും അവരുടെ താമസത്തിനും ജോലിക്കും 15 വര്‍ഷത്തെ പരിധിയും നിശ്ചയിക്കണമെന്ന് കമ്മിറ്റി മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു.
വിപുലമായ തയാറെടുപ്പുകളുടെ ഘട്ടത്തിലേക്ക് കടന്ന ഈ പദ്ധതിയില്‍, അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ നിരവധി നിര്‍ദേശങ്ങളാണ് വരച്ചുകാട്ടുന്നത്. റെസിഡന്‍സി നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തുക, വിദേശ സമൂഹങ്ങള്‍ക്കായി ക്വാട്ട സംവിധാനം നടപ്പിലാക്കുക, പ്രവാസികള്‍ക്ക് ഈടാക്കുന്ന ഫീസ് വര്‍ധിപ്പിക്കുക, വിസിറ്റിംഗ് വിസയെ റെസിഡന്‍സിയായി മാറ്റാന്‍ അനുവദിക്കാതിരിക്കുക, സര്‍ക്കാര്‍ മേഖലയില്‍നിന്ന് സ്വകാര്യ മേഖലയിലേക്ക് മാറാതിരിക്കുക, 60 വയസിനു മുകളിലുള്ളവര്‍ക്ക് റെസിഡന്‍സി അനുവദിക്കാതിരിക്കുക, വിദേശികള്‍ക്ക് റെസിഡന്‍സിയില്‍ 15 വര്‍ഷം കാലപരിധി നിശ്ചയിക്കുക, വിസ പുതുക്കാനും മറ്റ് സര്‍ക്കാര്‍ ഇടപാടുകളുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കും അധിക ഫീസ് ചുമത്തുക തുടങ്ങിയവ നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുന്നതായി പാര്‍ലമെന്ററി വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ 33 ലക്ഷം വിദേശികളാണ് കുവൈത്തില്‍ താമസിക്കുന്നത്. 47 ലക്ഷം വരുന്ന മൊത്തം ജനസംഖ്യയുടെ 70 ശതമാനവും വിദേശികളാണെന്നതാണ് വസ്തുത. അതേസമയം, ഈ നിര്‍ദിഷ്ട പദ്ധതി എപ്പോള്‍ പ്രഖ്യാപിക്കുമെന്നോ നടപ്പാക്കുമെന്നോ വ്യക്തമല്ല. റിപ്പോര്‍ട്ട് അവതരിപ്പിക്കാന്‍ ജനസംഖ്യാ സമിതിക്ക് രണ്ടാഴ്ച സമയം അനുവദിച്ചതായി പാര്‍ലമെന്ററി മാനവ വിഭവശേഷി വികസന സമിതി തലവന്‍ ഖലീല്‍ അല്‍ സാലിഹ് പറഞ്ഞു.

 

Latest News