ആ ഒരു സംഭവത്തിന്റെ പേരിലായിരിക്കുമോ സോളാ ബഡ്ഡിന്റെ കരിയർ അറിയപ്പെടുക? ഒളിംപിക്‌സ് ചരിത്രത്തിലെ തന്നെ ഏറ്റവും വിവാദ നിമിഷങ്ങളിലൊന്നായിരുന്നു അത്. പക്ഷെ സോളാ ബഡ്ഡ് എന്നാൽ ആ സംഭവമായി മാറി. നാലു പതിറ്റാണ്ടായിട്ടും തകർക്കപ്പെടാത്ത റെക്കോർഡുകൾ അതിരിട്ട കരിയർ വിസ്മരിക്കപ്പെട്ടു.
1984 ലെ ഒളിംപിക്‌സിലാണ് പതിനെട്ടുകാരി സോളാ ബഡ്ഡും അമേരിക്കൻ താരം മേരി ഡെക്കറും കൂട്ടിയിടിച്ചു വീണത്. ലോസ്ആഞ്ചലസ് ഒളിംപിക്‌സിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ട സംഭവമായിരുന്നു അത്. സോളാ ബഡ് വംശവിവേചനത്തിന്റെ പേരിൽ വിലക്കപ്പെട്ട ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള കളിക്കാരി. മേരി ഡെക്കർ ആതിഥേയ രാജ്യത്തിന്റെ സുവർണപ്രതീക്ഷ. വംശവൈരം കൈവെടിയാത്ത ദക്ഷിണാഫ്രിക്കയിൽ നിന്ന് അതിവേഗം പൗരത്വം നൽകി ബ്രിട്ടൻ തട്ടിയെടുത്ത കളിക്കാരിയായിരുന്നു സോളാ ബഡ്. മാറിയ ലോകത്തിന്റെ വെള്ളിവെളിച്ചം നേരിടാൻ പ്രാപ്തയായിരുന്നില്ല ഈ പെൺകുട്ടി.
കഴിഞ്ഞ മൂന്നരപ്പതിറ്റാണ്ടിനിടെ ചരിത്രം ഏറെ മാറി. അമേരിക്കയിലെ മിർടിൽ ബീച്ചിലാണ് ഇപ്പോൾ അവരുടെ താമസം. കോസ്റ്റൽ കരൊലൈന യൂനിവേഴ്‌സിറ്റിയുടെ ക്രോസ് കൺട്രി കോച്ചായിരുന്നു കഴിഞ്ഞ വർഷം വരെ.
എല്ലാം തുടങ്ങിവെച്ചത് ഡെയിലി മെയിൽ പത്രമായിരുന്നു. സോളാ ബഡ്ഡിന്റെ പിതാവ് ബ്രിട്ടിഷുകാരനായിരുന്നു. ഈ കൗമാര പ്രതിഭക്ക് ബ്രിട്ടിഷ് പൗരത്വം നൽകണമെന്നും ലോസ്ആഞ്ചലസ് ഒളിംപിക്‌സിൽ മത്സരിപ്പിക്കണമെന്നും അവർ കാമ്പയിൻ നടത്തി. ദക്ഷിണാഫ്രിക്കക്ക് വിലക്കുള്ളതിനാൽ സോളാ ബഡ്ഡിന് സാധാരണഗതിയിൽ ഒളിംപിക്‌സിൽ പങ്കെടുക്കാൻ സാധിക്കുമായിരുന്നില്ല.
തിരിഞ്ഞുനോക്കുമ്പോൾ, ആ ഗെയിംസിൽ ഓടാൻ എടുത്ത തീരുമാനം ഏറ്റവും മോശം തീരുമാനങ്ങളിലൊന്നായി തോന്നുന്നു. അതിന് മാനസികമായി പ്രാപ്തയായിരുന്നില്ല ഞാൻ. ആ നിലവാരത്തിൽ ഓടിയ പരിചയസമ്പത്തുണ്ടായിരുന്നില്ല. ഒളിംപിക്‌സ് പോലൊരു മഹാമേളക്ക് മാനസികമായി ഒരുങ്ങിയിട്ടുണ്ടായിരുന്നില്ല. പ്രത്യേകിച്ചും രാഷ്ട്രീയവും അല്ലാത്തതുമായ നിരവധി സമ്മർദ്ദങ്ങൾ കണ്ട ആ ഗെയിംസിൽ - സോളാ ബഡ് പറയുന്നു.
അമേരിക്കൻ ടാബ്ലോയ്ഡുകൾ സോളയെ വെറുതെവിട്ടില്ല. പ്രത്യേകിച്ചും 3000 മീറ്റർ ഓട്ടത്തിനിടെ മേരി ഡെക്കറുമായി കൂട്ടിയിടിച്ച സംഭവത്തിനു ശേഷം. സോളയും ഡെക്കറും മുന്നിലോടുന്ന സംഘത്തിലായിരുന്നു. മുന്നിലോടുന്ന സോളയുടെ കാലിൽ കുരുങ്ങിയാണ് ഡെക്കർ വീണത്.
വീണതോടെ ഡെക്കർക്ക് മത്സരം തുടരാനായില്ല. അതിന്റെ ആഘാതത്തിൽ വിറച്ച ബഡ് തളർന്നുപോവുകയും ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്യുകയും ചെയ്തു. സോവിയറ്റ് യൂനിയൻ ആ ഗെയിംസ് ബഹിഷ്‌കരിക്കുകയായിരുന്നു. അതിനാൽ അമേരിക്കൻ മാധ്യമങ്ങൾക്ക് ഒരു ശത്രു വേണമായിരുന്നു. ബഡ്ഡിനായി ആ നിയോഗം. മെഡൽപ്രതീക്ഷകളായ ഞങ്ങൾക്ക് സംഭവിച്ച ദുരന്തം മാധ്യമങ്ങൾ ആഘോഷിച്ചു. സ്വർണം നേടിയിരുന്നെങ്കിൽ പോലും തന്നെ വെറുതെ വിടില്ലെന്നു തോന്നിയെന്ന് സോള ബഡ് പറയുന്നു. എങ്ങനെയായാലും എനിക്ക് പരാജയമായേനേ.
ആ ദുരന്തത്തിൽ നിന്ന് പിന്നീട് ബഡ് കരകയറി. 1985 ലും 1986 ലും വലിയ നേട്ടങ്ങളുണ്ടാക്കി. രണ്ടു തവണ ലോക ക്രോസ് കൺട്രി ചാമ്പ്യനായി. പലതവണ മേരി ഡെക്കർക്കൊപ്പം മത്സരിച്ചു. അവർ പലതവണ എന്നെ സഹായിച്ചു. പക്ഷെ എന്റെ കരിയർ 1984 ലെ ഗെയിംസോടെ സമാപിച്ചുവെന്നാണ് ഇന്നും പലരും കരുതുന്നത് -സോളാ ബഡ് പറയുന്നു.
1992 ലെ ഒളിംപിക്‌സിൽ സോളാ ബഡ് ജന്മനാടായ ദക്ഷിണാഫ്രിക്കക്കു വേണ്ടി മത്സരിച്ചു. പനി ബാധിച്ച അവർക്ക് ഫൈനലിലേക്ക് യോഗ്യത നേടാനായില്ല. ഒരു മൈൽ ഓട്ടം മുതൽ 3000 മീറ്റർ വരെയുള്ള മത്സരങ്ങളിൽ സോളാ ബഡ് സ്ഥാപിച്ച ജൂനിയർ ലോക റെക്കോർഡിന് 35 വർഷം കഴിഞ്ഞിട്ടും ഇളക്കം തട്ടിയിട്ടില്ല.






