ലൈൽസ്... കറുത്തവന്റെ ആശയക്കുഴപ്പം

നൂഹ് ലൈൽസ് അപൂർവമായ നേട്ടത്തിന്റെ വക്കിലായിരുന്നു. ഒരു ആഫ്രിക്കൻ അമേരിക്കൻ സ്പ്രിന്റർ ഒളിംപിക്‌സിന്റെ വിജയപീഠത്തിൽ കയറിനിൽക്കുന്ന അപൂർവ ഭാഗ്യത്തിന് അരികിലായിരുന്നു ലൈൽസ്. എന്നാൽ രാജ്യം ഇപ്പോൾ എത്തിനിൽക്കുന്ന ദുരന്തത്തെക്കുറിച്ചാണ് ലൈൽസ് ചിന്തിക്കുന്നത്. കറുത്ത വർഗക്കാരനായ ജോർജ് ഫേഌയ്ഡിന്റെ കൊലപാതകത്തിനു ശേഷം അമേരിക്കയിൽ പ്രതിഷേധവും എതിർപ്പുകളും പുകയുകയാണ്. അടുത്തത് ഞാനായിരിക്കുമോയെന്ന ചിന്ത മനസ്സിൽ പുകയുകയാണ്. 
കറുത്തവർഗക്കാർ കരുത്തു തെളിയിച്ച വേദിയാണ് ഒളിംപിക്‌സ്. ജെസി ഓവൻസും ടോമി സ്മിത്തും ജോൺ കാർലോസുമൊക്കെ... 
വീട്ടിനും ഫ്‌ളോറിഡയിലെ ട്രയ്‌നിംഗ് വേദിക്കുമിടയിലെ യാത്രയിൽ ലൈൽസ് ഇപ്പോൾ വാർത്തയിൽ നിരന്തരം ശ്രദ്ധിക്കുന്നു. എന്തു പറയണം, എപ്പോൾ പറയണം എന്ന ചിന്തയിലാണ് ഈ താരം. ഏതാനും വർഷമായി ഈ ചിന്ത തന്നെ മഥിക്കുന്നുണ്ടെന്ന് ലൈൽസ് പറയുന്നു. പൊടുന്നനെയാണ് എനിക്കു തോന്നുന്നത്, അടുത്തതായി കൊല്ലപ്പെടുന്നത് ഞാനായിരിക്കുമോ? -ലൈൽസ് പറയുന്നു. 
ട്രാക്ക് ആന്റ് ഫീൽഡിനെ രസകരമായ വേദിയാക്കി മാറ്റിയ ഉസൈൻ ബോൾടിൽ നിന്ന് ബാറ്റണേറ്റെടുക്കേണ്ട കളിക്കാരനായാണ് ലൈൽസിനെ കരുതേണ്ടത്. ഫാഷനും മ്യൂസികുമൊക്കെ ഇഷ്ടപ്പെടുന്ന അലസചിന്താഗതിക്കാരനായാണ് ലൈൽസിനെ പലരും കരുതിയത്. ഒളിംപിക്‌സിന്റെ സ്പ്രന്റിൽ ലൈൽസും 100 മീറ്റർ ലോക ചാമ്പ്യൻ ക്രിസ്റ്റ്യൻ കോൾമാനും ഏറ്റുമുട്ടേണ്ടതായിരുന്നു. 
ലൈൽസിന്റെ അലസരീതികൾ അയാളുടെ ചെറുപ്പകാലത്തിലെ ദുരിതങ്ങൾ മറച്ചുപിടിക്കുന്നുണ്ട്. ഫ്‌ളോറിഡയിലും നോർത്ത് കരൊലൈനയിലും വിർജീനിയയിലുമായാണ് ലൈൽസ് വളർന്നത്. ആസ്ത്്മയും അറ്റൻഷൻ ഡെഫിസിറ്റ് ഡിസോഡറും ഡിസ്്‌ലെക്‌സിയയും അയാളുടെ സ്‌കൂൾ വിദ്യാഭ്യാസത്തെ അലങ്കോലമാക്കി. ആഫ്രിക്കൻ അമേരിക്കൻ കുട്ടി നേരിടുന്ന പതിവ് വിവേചനങ്ങൾ വേറെ. അമേരിക്കയിൽ ഒരു കറുത്ത വർഗക്കാരനായ കുട്ടി നേരിടുന്ന പ്രശ്‌നങ്ങളുടെ കടുംയാഥാർഥ്യങ്ങൾ അനുഭവിച്ചു.  അമ്മ കെയ്ഷ കെയ്ൻ ബിഷപ് നിരന്തരം മെസേജുകൾ അയച്ചിരുന്നു, തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വസ്ത്രം ധരിക്കരുത്, ആളുകൾക്ക് ഭീഷണിയാണെന്ന് തോന്നിപ്പിക്കരുത്...  ദുരന്തമെന്തെന്നാൽ എത്ര ശ്രദ്ധിച്ചാലും ആളറുകൾ കറുത്തവനെ ഭീഷണിയായി കരുതും. മകൻ അപകടം കൂടാതെ വീട്ടിലെത്തണമേയെന്ന ചിന്തയായിരുന്നു എപ്പോഴുമെന്ന് കെയ്ഷ കെയ്ൻ ബിഷപ് പറയുന്നു. 
പലരും കരുതുന്നത് ഒരു നിമിഷത്തിലെ പ്രേരണ കൊണ്ടാണ് കറുത്തവൻ ആക്രമിക്കപ്പെടുന്നത് എന്നാണ്. അതല്ല യാഥാർഥ്യം. വെളുത്തവന്റെ മനസ്സിൽ കാലങ്ങളായി വളർന്നുവരുന്ന പകയുടെ ബഹിർസ്ഫുരണമാണ് അത് -ലൈൽസ് പറയുന്നു. അമേരിക്കയിലെ സ്‌പോർട്‌സ് വേദികളിൽ നിന്ന് വംശവൈരത്തിനെതിരെ ഉയരുന്ന ആയിരം ശബ്ദങ്ങളിലൊന്നാണ് ഇന്ന് ലൈൽസിന്റേത്. കരുത്ത വർഗക്കാരായ അത്‌ലറ്റുകളെ മനസ്സിലാക്കാൻ ഇന്നും ഒളിംപിക്‌സ് നേതൃത്വത്തിന് സാധിച്ചിട്ടില്ല. മുഹമ്മദലിയും സ്മിത്തും കാർലോസും ഓവൻസുമൊക്കെ അതിന്റെ ഇരകളായിരുന്നു. ഫ്‌ളോയ്ഡിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ മതിയായ രീതിയിൽ പ്രതികരിക്കാതിരുന്ന അമേരിക്കൻ ഒളിംപിക് കമ്മിറ്റിക്കെതിരെ കഴിഞ്ഞ ദിവസമാണ് ഹാമർത്രോ ചാമ്പ്യൻ ഗ്വെൻ ബെറി തുറന്നടിച്ചത്. കഴിഞ്ഞ വർഷം പാൻപസഫിക് ഗെയിംസിനിടെ വംശവൈറിക്കെതിരെ തന്റെ മുഷ്ടി ഉയർത്തിയ ബെറിക്ക് അമേരിക്കൻ ഒളിംപിക് കമ്മിറ്റി താക്കീത് നൽകിയിരുന്നു. 52 വർഷം മുമ്പ് ഇതേ കുറ്റത്തിനാണ് സ്മിത്തും കാർലോസും ഒളിംപിക്‌സിൽ നിന്ന് പുറത്താക്കപ്പെട്ടത്. ഇന്നും അതിന് മാറ്റമില്ല. 


 

Latest News