എക്‌സ്പ്രസ് ട്രയ്‌നിന് ഹാഫ് സെഞ്ചുറി സ്റ്റോപ്പ്

റൊണാൾഡൊ, റൊണാൾഡിഞ്ഞൊ, സിദാൻ... ആ കളിക്കാലത്തെക്കുറിച്ച് കഫു സംസാരിക്കുന്നു.

2002 ൽ ലോകകപ്പ് നേടിയ ബ്രസീൽ ഫുട്‌ബോൾ ടീമിന്റെ നായകനായിരുന്നു കഫു. തുടർച്ചയായി മൂന്ന് ലോകകപ്പ് ഫൈനൽ കളിച്ച ഒരേയൊരു കളിക്കാരൻ. ഏറ്റവുമധികം തവണ ബ്രസീലിന്റെ പ്രിയപ്പെട്ട മഞ്ഞക്കുപ്പായം ധരിച്ച താരം. എക്‌സ്പ്രസ് ട്രയ്ൻ എന്ന് സുഹൃത്തുക്കൾ വിളിക്കുന്ന കഫു അമ്പതിലേക്ക് കടക്കുകയാണ്. അർധ സെഞ്ചുറി സ്റ്റോപ്പിലെത്തി നിൽക്കുന്ന എക്‌സ്പ്രസ് ട്രയ്ൻ സഹതാരങ്ങളെക്കുറിച്ചും എതിരാളികളെക്കുറിച്ചും സംസാരിക്കുന്നു. 
ചോ: 1994 ലെ ലോകകപ്പിൽ രണ്ടു തവണ പകരക്കാരനായിറങ്ങിയ പരിചയമേയുണ്ടായിരുന്നുള്ളൂ ഫൈനൽ വരെ. ഫൈനലിന്റെ 21 ാം മിനിറ്റിൽ ഇറ്റലിയുടെ റോബർട്ടൊ ഡോണഡോണിയെ മാർക്ക് ചെയ്യാൻ കോച്ച് കാർലോസ് ആൽബർടൊ പെരേര വിളിക്കുമ്പോൾ എന്തായിരുന്നു താങ്കളുടെ മനസ്സിൽ?
ഉ: ജോർജീഞ്ഞോയുടെ പരിക്ക് സങ്കടപ്പെടുത്തി. അതോടൊപ്പം ലോകകപ്പ് ഫൈനൽ കളിക്കാൻ അവസരം കിട്ടിയതിൽ അതീവ ആഹ്ലാദവും തോന്നി. ആ അപൂർവ നിമിഷത്തിനായി ഞാൻ തയാറായിരുന്നു. ലോകകപ്പ് ഫൈനൽ കളിക്കാനായി മാനസികമായും ശാരീരികമായും ഞാൻ റെഡിയായിരുന്നു. 
ചോ: ലോക ചാമ്പ്യനായപ്പോഴുള്ള വികാരം?
ഉ: വിവരിക്കാനവാത്ത ആഹ്ലാദമായിരുന്നു, ഒരു ദൗത്യം സഫലീകരിച്ചതിന്റെ സായൂജ്യം. ഹോട്ടലിൽ തിരിച്ചെത്തിയ ശേഷം ആഘോഷം നിറഞ്ഞൊഴുകി. ചിലർ കുടുംബത്തോടൊപ്പമായിരുന്നു, മറ്റു ചിലർ സുഹൃത്തുക്കളോടൊപ്പവും. ചിലർ അത്താഴം കഴിക്കാൻ പോയി, മറ്റു ചിലർ ബാറിലേക്കും. എല്ലാവരും ആഹ്ലാദത്തിന്റെ കൊടുമുടിയിലായിരുന്നു. 
ചോ: ആരായിരുന്നു 1994 ലെ ലോകകപ്പിൽ ബ്രസീലിന്റെ പ്രധാനപ്പെട്ട കളിക്കാരൻ?
ഉ: ഒരു ടീമെന്ന നിലയിൽ എങ്ങനെ കളിച്ചുവെന്നതാണ് ബ്രസീലിനെ കിരീടത്തിലെത്തിച്ചത്. പക്ഷെ ഗോളി ക്ലോഡിയൊ ടഫറേലിന്റെ പേര് എടുത്തു പറയണം. ടൂർണമെന്റിലുടനീളം ടഫറേൽ അത്യുജ്വല ഫോമിലായിരുന്നു. ഫൈനലിൽ പെനാൽട്ടി രക്ഷപ്പെടുത്തി. ആൽഡയർ, മാർസിയൊ സാന്റോസ് എന്നിവരും നന്നായി കളിച്ചു. റൊമാരിയോയും ബെബെറ്റോയുമാണ് ഗോളടിച്ചത്. പക്ഷെ ടഫറേൽ... അവിശ്വസനീയമായിരുന്നു.
ചോ: റൊമാരിയോയും റൊണാൾഡോയും 1997 ൽ 34 ഗോളടിച്ചു. ബ്രസീലിനെ കോപ അമേരിക്കയിലും കോൺഫെഡറേഷൻസ് കപ്പിലും വിജയത്തിലേക്ക് നയിച്ചു?
ഉ: ഫുട്‌ബോൾ ചരിത്രത്തിൽ ഇങ്ങനെയൊരു ജോഡി ഉണ്ടാവില്ല. സംശയമേ വേണ്ട. രണ്ട് അത്യസാധാരണ കളിക്കാർ, ലയിച്ചു ചേർന്നു കളിച്ചു.
ചോ: 1998 ലെ ലോകകപ്പ് ഫൈനലിൽ ബ്രസീലിനെ ഫ്രാൻസ് കീഴടക്കി. ആ ബ്രസീലും ഫ്രാൻസും പത്തു തവണ കളിക്കുന്നുവെന്ന് കരുതുക. എന്തായിരിക്കും ഫലം?
ഉ: ബ്രസീൽ അഞ്ചും ഫ്രാൻസും അഞ്ചു കളികൾ വീതം ജയിക്കും. രണ്ട് ടീമും ഗംഭീര ഫോമിലായിരുന്നു. എല്ലാ മേഖലയിലും കരുത്തുണ്ടായിരുന്നു. കളിയുടെ വിധി മാറ്റാൻ കെൽപുള്ള കളിക്കാരുണ്ടായിരുന്നു. 
ചോ: 1998 ൽ ഫ്രാൻസിലും 2006 ൽ ജർമനിയിലും ബ്രസീലിന്റെ കുതിപ്പ് തടഞ്ഞ കളിക്കാരനാണ് ഫ്രാൻസിന്റെ സിനദിൻ സിദാൻ?
ഉ: ഞാൻ കണ്ടതിൽ ഏറ്റവും മികച്ച കളിക്കാരിലൊരാൾ. സാങ്കേതികമായും ശാരീരികമായും. അത്യസാധാരണമായിരുന്നു കളിയെക്കുറിച്ചുള്ള സിദാന്റെ ഗ്രാഹ്യം. ചിന്തിക്കാനും പ്രതികരിക്കാനും കടമ്പകൾ മറികടക്കാനുമുള്ള ശേഷി അമ്പരപ്പിക്കുന്നതായിരുന്നു. ബുദ്ധിപൂർവം സിദാൻ നിലയുറപ്പിക്കും. ഉജ്വലമെന്നേ പറയാനാവൂ.
ചോ: 2002 ലെ ഫൈനലിനായി ഡ്രസ്സിംഗ് റൂമിൽ  നിൽക്കുമ്പോൾ 1998 ലെ തോൽവി മനസ്സിലുണ്ടായിരുന്നോ?
ഉ: സത്യം പറഞ്ഞാൽ ഞങ്ങൾ അതെക്കുറിച്ച് ചിന്തിച്ചതേയില്ല. ഞങ്ങളുടെ പ്രൊഫഷനലിസം സഹായിച്ചു. ഫൈനലിൽ നേരിടാൻ പോവുന്ന ജർമനി മാത്രമായിരുന്നു മനസ്സിൽ. 
ചോ: 2002 ലെ ലോകകപ്പിന് മുമ്പ് രണ്ടു വർഷത്തോളം റൊണാൾഡൊ പരിക്കുമായി വലയുകയായിരുന്നു?
ഉ: റൊണാൾഡോക്ക് എളുപ്പത്തിൽ പരിക്കിൽ നിന്ന് കരകയറാനുള്ള അസാധാരണ കഴിവുണ്ട്.  അപൂർവമായി കിട്ടുന്ന കളിക്കാരനാണ് റൊണാൾഡൊ. അയാളുടെ കഴിവിൽ ആർക്കും സംശയമുണ്ടായിരുന്നില്ല.
ചോ; കരിയറിന്റെ തുടക്കത്തിൽ അറ്റാക്കിംഗ്  മിഡ്ഫീൽഡറായിരുന്നു. ആ പൊസിഷനിൽ തുടർന്നിരുന്നുവെങ്കിൽ..?
ഉ: ചിലപ്പോൾ ലോകത്തിലെ മികച്ച കളിക്കാരനായാനേ, ചിലപ്പോൾ പരാജയപ്പെട്ടെന്നും വരാം. ആർക്കറിയാം. മധ്യനിരയിൽ കളിക്കുന്നത് ആസ്വദിച്ചിരുന്നുവെന്നതാണ് യാഥാർഥ്യം. മധ്യനിരയിലാവുമ്പോൾ എപ്പോഴും ഗോൾപോസ്റ്റ് നിങ്ങളുടെ തൊട്ടടുത്താണ്. എല്ലാ തരത്തിലും കളിയിൽ ഭാഗഭാക്കാവാം.
ചോ: ഏതു കളിക്കാരനെയാണ് മാർക്ക് ചെയ്യാൻ പ്രയാസമായി തോന്നിയത്?
ഉ: റൊണാൾഡിഞ്ഞോയെ. ചിന്തിക്കാൻ പോലുമാവാത്ത രീതിയിൽ അയാൾ കളിക്കും. മാർക്ക് ചെയ്യുക ഏതാണ്ട് അസാധ്യമാണ്. 
ചോ: മെസ്സി, ക്രിസ്റ്റിയാനൊ, നെയ്മാർ... താരതമ്യം ചെയ്യാമോ?
ഉ: ലോക  ഫുട്‌ബോളിലെ രണ്ട് ശക്തികേന്ദ്രങ്ങളാണ് മെസ്സിയും  ക്രിസ്റ്റിയാനോയും. 15 വർഷമായി അവർ തലപ്പത്തുണ്ട്. ഒരാൾ ആറ് അവാർഡ് നേടി, മറ്റേയാൾ അഞ്ചും. അവരിലൊരാളെ തെരഞ്ഞെടുക്കുക പ്രയാസമാണ്. നെയ്മാറിന് ലോകത്തിലെ മികച്ച കളിക്കാരനാവാനുള്ള എല്ലാ കഴിവുമുണ്ട്. 
ചോ: കോച്ചിംഗിലേക്ക് തിരിയുമോ?
ഉ: 2022 ലെ ലോകകപ്പിന്റെ അംബാസഡറാണ് ഞാൻ. അതു കഴിഞ്ഞേ ആലോചിക്കാനാവൂ. വർഷങ്ങളിലൂടെ നേടിയ അനുഭവങ്ങൾ പങ്കുവെക്കുക ആസ്വാദ്യകരമായിരിക്കുമെന്ന് തോന്നുന്നു.
 

Latest News