ദുബായ്- കോവിഡ് കാലം പ്രമേയമാക്കി മലയാളികളായ പ്രതിഭകള്‍ ഒരുക്കിയ ക്വാറന്റൈന്‍ എന്ന ഹ്രസ്വചിത്രം യു ട്യൂബില്‍ റിലീസായി. ഫോട്ടോഗ്രാഫര്‍ നിസാര്‍ അഹ്മദ് കഥ, തിരക്കഥ, സംവിധാനം നിര്‍വഹിച്ച 20 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം നടനും മാധ്യമ പ്രവര്‍ത്തകനുമായ കെ. കെ. മൊയ്തീന്‍ കോയയാണ് റിലീസ് ചെയ്തത്.
എല്ലാ രോഗലക്ഷണങ്ങളും കോവിഡിന്റെതല്ലെന്നും അനാവശ്യമായ ഭീതിയല്ല, എന്തിനെയും നേരിടാനുള്ള ജാഗ്രതയാണ് വേണ്ടതെന്ന് ചിത്രം പറയുന്നു. സ്വന്തം വീട്ടിനകത്താണെങ്കിലും മകളില്‍ നിന്നും ഭാര്യയില്‍ നിന്ന് പോലും സുരക്ഷിതമായ അകലം പാലിക്കുക എന്നതാണ് സാമൂഹിക സുരക്ഷക്ക് അത്യന്താപേക്ഷിതം. ക്വാറന്റൈന്‍ കാലം എങ്ങനെ സര്‍ഗാത്മകമായി ചെലവഴിക്കാം എന്ന സന്ദേശവും ചിത്രം നല്‍കുന്നു.
രഞ്ജിത്ത് ദല, രാജി ബെര്‍ലിന്‍ എന്നിവര്‍ മുഖ്യവേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ പ്രവീണ്‍ കുമാര്‍ കൂടാളി, എമ്മി ബെര്‍ലിന്‍, റഷീദ് മായിന്‍ എന്നിവരും വേഷമിടുന്നു. എഡിറ്റിങ് സായിപ്രസാദ്. ഛായാഗ്രഹണം: സായിപ്രസാദ്.