അബുദാബി- അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഉപസര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ബറാഖ ആണവനിലയം സന്ദര്‍ശിച്ചു.
ദക്ഷിണ കൊറിയയുമായുള്ള പങ്കാളിത്തത്തിലൂടെ നിര്‍ണായക നേട്ടമാണ് യു.എ.ഇയുടെ പ്രഥമ ആണവനിലയം കൈവരിച്ചിരിക്കുന്നതെന്ന് ശൈഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു. മുഴുവന്‍ യൂണിറ്റുകളും പ്രവര്‍ത്തനസജ്ജമാവുന്നതോടെ 5600 മെഗാവാട്ട് വൈദ്യുതിയാണ് ഇവിടെ ഉല്‍പാദിപ്പിക്കപ്പെടുക. ഇതുകൊണ്ട് യു.എ.ഇ.യുടെ മൊത്തം ഊര്‍ജ ഉപഭോഗത്തിന്റെ 25 ശതമാനവും നിറവേറ്റാനാവും.
ഫെബ്രുവരിയില്‍ ബറാഖ ആണവനിലയത്തിന്റെ ഒന്നാം യൂണിറ്റിന് ഫെഡറല്‍ ആണവ റെഗുലേറ്ററി അതോറിറ്റിയുടെ പ്രവര്‍ത്തനാനുമതി ലഭിച്ചിരുന്നു. എമിറേറ്റ്‌സ് ആണവോര്‍ജ കോര്‍പ്പറേഷന് (ഇനക്) കീഴിലുള്ള നവാഹ് എനര്‍ജി കമ്പനിക്കാണ് (നവാഹ്) ആണവനിലയത്തിന്റെ പ്രവര്‍ത്തനച്ചുമതലയുള്ളത്. 60 വര്‍ഷ കാലയളവിലേക്കുള്ള പ്രവര്‍ത്തനാനുമതിയാണ് യൂണിറ്റിന് ലഭിച്ചത്.
18,000 ആളുകളുടെ ശ്രമഫലമാണ് ആണവനിലയത്തിന്റെ നിര്‍മാണം വേഗത്തിലാക്കിയത്. ബറാഖ ആണവനിലയത്തിന്റെ ബാക്കി മൂന്ന് യൂണിറ്റുകളും നിര്‍മാണത്തിന്റെ അവസാനഘട്ടത്തിലാണ്.






