മസ്‌കത്ത്- ഗള്‍ഫ് കോഓപ്പറേഷന്‍ കൗണ്‍സില്‍ (ജി.സി.സി) താരതമ്യേന ദുര്‍ബലമായ സമ്പദ് വ്യവസ്ഥയുള്ള രാജ്യമായ ഒമാന്‍, ഇതര അംഗരാഷ്ട്രങ്ങളില്‍ നിന്ന് സാമ്പത്തിക സഹായം അഭ്യര്‍ഥിക്കാനൊരുങ്ങുന്നതായി സൂചന.
കൊറോണ വ്യാപനവും എണ്ണവില ഇടിവുംമൂലം രൂപപ്പെട്ട സാമ്പത്തിക പ്രത്യാഘാതത്തെ മറികടിക്കാനാണ് ഒമാന്‍ ഇത്തരമൊരു നീക്കം നടത്തുന്നത്.
മേഖലയിലെ രണ്ട് ഉയര്‍ന്ന ഉദ്യോഗസ്ഥരെയും പരിചയസമ്പന്നനായ ഒരു യു.എസ് ഗവണ്‍മെന്റ് ഉദ്യോഗസ്ഥനെയും ഉദ്ധരിച്ചാണ് വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.
കഴിഞ്ഞയാഴ്ച സ്റ്റേറ്റ് ജനറല്‍ റിസര്‍വ് ഫണ്ടും ഒമാന്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ടും ഒരു സ്ഥാപനമായി സംയോജിപ്പിക്കുകയും 17 ബില്യണ്‍ ഡോളറിന്റെ ഒമാന്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ തലവനായി അബ്ദുല്‍ സലാം അല്‍ മുര്‍ഷിദിയെ നിയമിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം ഖത്തര്‍ വിദേശകാര്യ മന്ത്രിയും ധനമന്ത്രിയുമായി സുല്‍ത്താന്‍ ഹൈത്തം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതെല്ലം ജി.സി.സിയില്‍നിന്ന് ധനസഹായം തേടാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.