കണ്ണൂര്‍- ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തിലിരിക്കേ മരിച്ച വ്യക്തിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ രാത്രി മരിച്ച ഇരിക്കൂര്‍ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇരിക്കൂര്‍ പട്ടുവം സ്വദേശി നടുക്കണ്ടി ഉസ്സന്‍ കുട്ടിയാണ് മരിച്ചത്. 72 വയസായിരുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ച് മരിച്ചവരുടെ എണ്ണം 19 ആയി.
ജൂണ്‍ ഒമ്പതിന് മുംബൈയില്‍ നിന്ന് ട്രെയിനിലാണ് ഇയാള്‍ തിരിച്ചെത്തിയത്. തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. കോവിഡ് ലക്ഷണങ്ങള്‍ കാണിച്ചതോടെയാണ് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. 284 പേര്‍ക്കാണ് ഇത് വരെ ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 123 പേർ ആശുപത്രികളിലാണ്. 21,544 പേർ വീടുകളില്‍ നിരീക്ഷണത്തിലാണ്.