ലണ്ടന്‍-ഹാരിപോട്ടര്‍ കഥകളിലൂടെ ലോക പ്രശസ്തയായ അതിന്റെ സ്രഷ്ടാവ് ജെകെ റൗളിങ് തനിക്കു മുമ്പ് നേരിടേണ്ടിവന്ന ലൈംഗിക അതിക്രമത്തെക്കുറിച്ചു ആദ്യ വിവാഹത്തിലെ തിരിച്ചടികളെക്കുറിച്ചും വെളിപ്പെടുത്തുന്നു. താന്‍ ഗാര്‍ഹിക പീഡനത്തിനും ലൈംഗികാതിക്രമത്തിനും ഇരയായിട്ടുണ്ടെന്നും, അതിനെയൊക്കെ അതിജീവിച്ച വ്യക്തിയാണെന്നും ബുധനാഴ്ച തന്റെ പേഴ്‌സണല്‍ വെബ്‌സൈറ്റിലൂടെ 3,663 വാക്കുകളുള്ള ചുരുങ്ങിയ ലേഖനത്തിലൂടെയാണ് ജെകെ റൗളിങ് വെളിപ്പെടുത്തിയത്. അതേസമയം തന്നെ പീഡിപ്പിച്ചത് ആരാണെന്ന് അവര്‍ പറഞ്ഞിട്ടില്ല. പോര്‍ച്ചുഗീസ് ജേണലിസം സ്റ്റുഡന്റ് ജോര്‍ജ് ആരാന്റസ്മായുള്ള തന്റെ ആദ്യവിവാഹം 'അക്രമാസക്തമായിരുന്നു' എന്നാണ് അവര്‍ വിശേഷിപ്പിച്ചത്. 'പീപ്പിള്‍ ഹു മെന്‍സ്ട്രൂവേട് ' എന്ന ഓണ്‍ലൈന്‍ ലേഖനത്തില്‍ പ്രതികരിച്ചതിന് തുടര്‍ന്ന് ട്രാന്‍സ്‌ഫോബിയ ആരോപിക്കപ്പെടുകയും പ്രശസ്ത താരങ്ങളില്‍ നിന്ന് ഉള്‍പ്പെടെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തതിനു പിന്നാലെയാണ് ജെകെ റൗളിങിന്റെ ഈ വെളിപ്പെടുത്തല്‍. 54 കാരിയായ റൗളിങ്ങിനെതിരെ നേരത്തെ ഹാരി പോട്ടര്‍ സീരീസുകളില്‍ ഹാരി പോട്ടര്‍ ആയി അഭിനയിച്ച ഡാനിയേല്‍ റാഡ്ക്ലിഫ്, ഹെര്‍മോയിന്‍ ആയി അഭിനയിച്ച എമ്മ വാട്‌സണ്‍, എഡ്ഡി റെഡ്‌മൈന്‍ തുടങ്ങി പ്രശസ്തര്‍ വിമര്‍ശനവുമായിരംഗത്ത് വന്നിരുന്നു.
സെക്‌സ് ആന്‍ഡ് ജെന്‍ഡര്‍ വിഷയങ്ങളില്‍ തന്റെ അഭിപ്രായങ്ങള്‍ രൂപപ്പെടുത്താന്‍ ഉണ്ടായ കാരണങ്ങള്‍ എന്ന തലക്കെട്ടോടെയാണ് വിമര്‍ശകര്‍ക്കുള്ള മറുപടിയുമായി എഴുത്തുകാരി എത്തിയത് . തന്റെ കുട്ടി ആരാധകര്‍ക്ക് വായിക്കാന്‍ പറ്റിയതല്ല ആ ലേഖനം എന്ന് തലക്കെട്ടില്‍ തന്നെ അവര്‍ അറിയിപ്പ് നല്‍കുന്നുണ്ട്, 'വാണിംഗ്: ഈ ലേഖനത്തില്‍ കുട്ടികള്‍ക്ക് ഹിതകരമല്ലാത്ത വാക്കുകള്‍ കണ്ടേക്കാം'എന്നാണു സബ് ഹെഡിങ് നല്‍കിയിരിക്കുന്നത്. തന്റെ പീഡകനെ കുറിച്ച് ഒരു വിധത്തിലുള്ള സൂചനകളും അവര്‍ നല്‍കിയിട്ടില്ല , ചെറുപ്പത്തില്‍ തന്റെ നിസ്സഹായാവസ്ഥ അയാള്‍ മുതലെടുക്കുകയായിരുന്നു എന്നാണ് റൗളിങ് പറയുന്നത്.