അബുദാബി- ശരീരഭാരം കുറക്കുന്നതിനുള്ള ചികിത്സക്കിടെ മരിച്ച ലോകത്തിലെ ഏറ്റവും ഭാരം കൂടുതലുണ്ടായിരുന്ന ഈജിപ്ഷ്യൻ യുവതി ഇമാൻ അബ്ദുൽ ആത്തിയുടെ മൃതദേഹം സ്വദേശമായ ഈജിപ്തിലെ അലക്‌സാണ്ട്രിയയിൽ എത്തിച്ചു. പടിഞ്ഞാറൻ അലക്‌സാണ്ട്രിയയിൽ കർമൂസിലെ അൽഉംരി മസ്ജിദിൽ ജനാസ നമസ്‌കരിച്ചതിന് ശേഷം തൊട്ടടുത്ത അൽആമൂദ് ഖബർസ്ഥാനിലാണ് മൃതദേഹം ഖബറടക്കുക. ഇമാന്റെ ഖബറിന്റെ ചിത്രം ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളിൽ നിരവധി പേർ പങ്കുവെച്ചു. മൃതദേഹത്തിൽ അന്തിമോപചാരമർപ്പിക്കുന്നതിന് ആയിരക്കണക്കിന് പേർ എത്തിയിരുന്നു. ഇതിനിടെ, സംസ്‌കാര ചടങ്ങുകൾ സംപ്രേഷണം ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരും ഇമാന്റെ കുടുംബാംഗങ്ങളിൽ ചിലരും തമ്മിൽ രൂക്ഷമായ വാഗ്വാദം നടന്നത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഇതേ തുടർന്ന് പത്രപ്രവർത്തകർക്ക് വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനും സാധിച്ചില്ല.
ഇമാന്റെ സഹോദരി ശീമാഅ്, കുടുംബം അനുഭവിക്കുന്ന വിഷമം മനസ്സിലാക്കണമെന്നും തങ്ങളുടെ സ്വകാര്യത മാനിക്കണമെന്നും ഫെയ്‌സ്ബുക്കിലൂടെ ആളുകളോട് അഭ്യർഥിച്ചു. ജനാസ നമസ്‌കരിക്കാൻ ആഗ്രഹിക്കുന്നവർ നാളെ രാവിലെ മസ്ജിദുൽ ഉംരിയിൽ എത്തിച്ചേരണമെന്നും അവർ പറഞ്ഞു.
ചികിത്സയോട് നന്നായി പ്രതികരിച്ചിരുന്ന ഇമാൻ തിങ്കളാഴ്ച പുലർച്ചെയാണ് മരിച്ചത്. രക്തസമ്മർദ്ദം പെട്ടെന്ന് താഴേക്ക് പോകുകയും തുടർന്നുണ്ടായ അണുബാധയും നിമിത്തം ആന്തരാവയവങ്ങളുടെ പ്രവർത്തനങ്ങൾ താളം തെറ്റുകയായിരുന്നുവെന്ന് ബുർജീൽ ആശുപത്രിയിലെ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ.നഹദ് ഹലാവ പറഞ്ഞു.
ഇമാന്റെ മൃതശരീരം നാട്ടിൽ എത്തിക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് എല്ലാവിധ സഹായങ്ങൾക്കും അവരെ ചികിത്സിച്ച ബുർജീൽ ആശുപത്രി അധികൃതർ രംഗത്തുണ്ടായിരുന്നു.