ലഖ്‌നൗ- ഉത്തര്‍പ്രദേശില്‍ നാല്‍പത്തിരണ്ടുകാരന്റെ മൃതദേഹം കൊണ്ടുപോയത് കോര്‍പ്പറേഷന്‍ മാലിന്യങ്ങള്‍ കയറ്റുന്ന വണ്ടിയില്‍. ലഖ്‌നൗവില്‍ നിന്ന് 16 കി.മീ അകലെയുള്ള ബല്‍റാംപുര്‍ ജില്ലയിലാണ് സംഭവം.പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളില്‍ പോലിസിന്റെ നിരീക്ഷണത്തില്‍ മൂന്ന് മുന്‍സിപ്പല്‍ തൊഴിലാളികള്‍ ഇയാളുടെ മൃതദേഹം പിടിച്ച് മാലിന്യവാനിലേക്കിടുന്നത് കാണാം.മുഹമ്മദ് അന്‍വര്‍ എന്നയാള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്ക് പോയപ്പോള്‍ ഗേറ്റില്‍ വെച്ച് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
അദ്ദേഹത്തിന് സമീപം ഒരു കുപ്പി വെള്ളവും കാണാം. പിന്നീട് അവിടെയെത്തുന്ന പോലിസുകാരുടെ നിര്‍ദേശപ്രകാരം മാലിന്യവണ്ടിയില്‍ അന്‍വറിന്റെ മൃതദേഹം എടുത്തെറിയുന്നതും കാണാം. കോവിഡ് ബാധിച്ച് മരിച്ചതായിരിക്കാമെന്ന പേടിയിലാണ് അദ്ദേഹത്തിന്റെ ശരീരത്തിനോട് ഈ അനാദരവ് കാണിച്ചതെന്നാണ് വിവരം.
ചിലര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഇതോടെ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. കോവിഡ് പകര്‍ച്ചവ്യാധിയെ കുറിച്ച് പരിഭ്രാന്തി നിലനില്‍ക്കുന്നതിനാലാണ് ഈ പോലിസുകാര്‍ മനുഷ്യത്വരഹിതമായ അവഗണന കാണിച്ചതെന്നും ഇത് പോലിസിന്റെയും മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തൊഴിലാളികളുടെയും ഭാഗത്ത് നിന്ന് സംഭവിച്ച വലിയൊരു തെറ്റാണെന്നും ഉന്നത പോലിസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
ഒരാള്‍ കോവിഡ് സംശയിക്കുന്നയാളാണെങ്കില്‍ പോലും പിപിഇ സ്യൂട്ടുകളാണ് ഉപയോഗിക്കേണ്ടത്. ഈ വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും അദ്ദേഹം പറഞ്ഞു.മൂന്ന് മുന്‍സിപ്പല്‍ ജീവനക്കാരെയും പോലിസുകാരെയും അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തിട്ടുണ്ട്. അതേസമയം അന്‍വറിന് കോവിഡ് ബാധിച്ചിരുന്നോ എന്ന കാര്യം ഇപ്പോഴും വ്യക്തമായിട്ടില്ല.






