ദുബായ്- അല്‍ഖലീല്‍ റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെ വാഹനമിടിച്ച് മൂന്ന് തൊഴിലാളികള്‍ക്ക് ഗുരുതര പരിക്ക്. ഇന്നലെ രാവിലെ ആറ് മണിക്ക് അബുദാബി റോഡിലേക്കുള്ള ഭാഗത്തെ ഹിസ്സ ബ്രിഡ്ജിന് മുമ്പാണ് അപകടം നടന്നത്. പൊട്ടിയ ടയറുമായി ഓടികൊണ്ടിരുന്ന ബസില്‍നിന്ന് ഇറങ്ങിയ തൊഴിലാളികളെ മറ്റൊരു വാഹനമിടിക്കുകയായിരുന്നു. റോഡിന്റെ മധ്യഭാഗത്ത് ബസ് നിര്‍ത്തി ഡ്രൈവര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ റോഡ് മുറിച്ചുകടക്കാന്‍ തുനിഞ്ഞത്. ഗുരുതര പരിക്കുകളോടെ മൂന്ന് തൊഴിലാളികളെയും തൊട്ടടുത്ത ആശുപത്രിയിലേക്ക് മാറ്റിയതായി ദുബായ് പോലീസ് ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ബ്രിഗേഡിയര്‍ സെയ്ഫ് മുഹൈര്‍ അല്‍മസ്‌റൂയി അറിയിച്ചു. അപകട സ്ഥലത്ത് കുതിച്ചെത്തിയ ദ്രുതകര്‍മസേന രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഓടുന്നതിനിടെ വാഹനം നിന്നുപോയാല്‍ ഉടന്‍ തന്നെ ഡ്രൈവര്‍മാര്‍ പോലീസിനെ വിളിച്ചറിയിക്കണമെന്ന് ബ്രിഗേഡിയര്‍ അല്‍മസ്‌റൂയി ആവശ്യപ്പെട്ടു. ഉടന്‍തന്നെ ഡ്രൈവറുടെയും യാത്രികരുടെയും രക്ഷക്കായി പോലീസ് പട്രോള്‍ സംഘത്തെ സംഭവസ്ഥലത്തേക്ക് നിയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു.






