മെഡിക്കല്‍ കോളേജിലെ കോവിഡ് വാർഡില്‍ ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു

തിരുവനന്തപുരം-  മെഡിക്കൽ കോളജിലെ കോവിഡ് വാർഡിൽ ആത്മഹത്യക്ക് ശ്രമിച്ച രോഗി മരിച്ചു.  വാ‍ർഡിനുള്ളിൽ രാവിലെ തൂങ്ങി മരിക്കാൻ ശ്രമിച്ച ഇയാളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു.

ആനാട് സ്വദേശിയായ യുവാവാണ് ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ തൂങ്ങി മരിച്ചത്. ഇയാളുടെ രണ്ടു പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആയിരുന്നു. അപസ്മാര രോഗമുൾപ്പെടെയുള്ള രോഗങ്ങൾക്ക് ഇയാൾ ചികിത്സയിലായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ കോവിഡ് വാര്‍ഡിൽ നിന്ന് ചാടിപ്പോയ ഇയാളെ ചൊവ്വാഴ്ച  പിടികൂടി വീണ്ടും ആശുപത്രിയിലെത്തിക്കുകയായിരുന്നു.  തിരികെയെത്തിച്ച ശേഷം  കൗൺസലിംഗ് നടത്തിയിരുന്നു.

രാവിലെ ഡിസ്ചാർജ് ചെയ്യുന്നതിനു മുമ്പായി ഭക്ഷണം നല്‍കിയിരുന്നു. വീട്ടിൽ പോയ ശേഷം കഴിക്കാനുള്ള മരുന്നുകൾ കുറിച്ചു നൽകാനായി നഴ്സ് മുറിയിലെത്തിയപ്പോൾ തൂങ്ങി നിൽക്കുന്ന നിലയിലാണ് കണ്ടത്. സുരക്ഷാ ജീവനക്കാർ എത്തി രക്ഷപ്പെടുത്തി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മെയ് 29നാണ് യുവാവിന് കോവിഡ് സ്ഥിരീകരിച്ചത്. അവസാന പരിശോധനയിൽ ഫലം നെഗറ്റീവായതിന് പിന്നാലെയാണ് ഇയാള്‍ രക്ഷപ്പെട്ടത്. ആശുപത്രി വസ്ത്രത്തില്‍ കെഎസ്ആർടിസി ബസിൽ കയറി ആനാട് വരെ എത്തിയെങ്കിലും നാട്ടുകാർ പിടികുടുകയായിരുന്നു.

 

Latest News