ഇന്ത്യ അഫ്ഗാനിലേക്ക് സൈന്യത്തെ അയക്കില്ല; വികസനത്തിന് സഹായിക്കും

ന്യുദല്‍ഹി- യുദ്ധം തകര്‍ത്തു തരിപ്പണമാക്കിയ അഫ്ഗാനിസ്ഥാനിലേക്ക് ഇന്ത്യ സൈന്യത്തെ അയക്കില്ലെന്ന് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. ഇന്ത്യ സന്ദര്‍ശനത്തിനെത്തിയ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് അഫ്ഗാന്‍ സംബന്ധിച്ച ഇന്ത്യന്‍ നിലപാട് മന്ത്രി വ്യക്തമാക്കിയത്.

ആ രാജ്യത്തെ വികസന പദ്ധതികള്‍ക്കായി ഇന്ത്യ കൂടുതല്‍ സഹായം നല്‍കുമെന്നും അവര്‍ പറഞ്ഞു. ഡൊനള്‍ഡ് ട്രംപ് പ്രസിഡന്റായി അധികാരമേറ്റ ശേഷം ആദ്യമായി ഇന്ത്യയിലെത്തുന്നു പ്രമുഖ യുഎസ് സര്‍ക്കാര്‍ പ്രതിനിധിയായ മാറ്റിസുമായി മന്ത്രി നിര്‍മ്മലാ സീതാറാം നടത്തിയ ചര്‍ച്ചയില്‍ പ്രധാനമായും പാക്കിസ്ഥാന്റെ തീവ്രവാദ പ്രവര്‍ത്തനങ്ങളാണ് ചര്‍ച്ചയായത്. 

 

പാക്കിസ്ഥാനെ സുരക്ഷിത താവളമായി കാണുന്ന അതേ ശക്തികളുടെ പ്രവര്‍ത്തനങ്ങള്‍ അമേരിക്കയേയും മറ്റു രാജ്യങ്ങളേയും ബാധിച്ചിട്ടുണ്ടെന്ന് മന്ത്രി നിര്‍മല പറഞ്ഞു. ആഗോള ഭീകരത ലോകത്തൊട്ടാകെയുള്ള ജനങ്ങള്‍ക്ക് വലിയ ഭീഷണിയാണെന്ന് ഇരു രാജ്യങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ചര്‍ച്ചകള്‍ക്കു ശേഷം മാറ്റിസ് പറഞ്ഞു. 'ഭീകരപ്രര്‍ത്തനങ്ങള്‍ കൊണ്ട് ഇന്ത്യയും യുഎസും ഒരുപാട് അനുഭവിച്ചിട്ടുണ്ട്. ഭീകരതെ തുടച്ചു നീക്കാന്‍ ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് യുഎസ് ആഗ്രഹിക്കുന്നത്,' മാറ്റിസ് പറഞ്ഞു. 

 

സമാധാനത്തിലേക്കുള്ള അഫ്ഗാന്റെ പ്രയാണത്തില്‍ ഇന്ത്യയ്ക്കു വലിയ പങ്ക് വഹിക്കാനുണ്ടെന്ന് ട്രംപ് പറഞ്ഞ് രണ്ടു മാസങ്ങള്‍ക്കു ശേഷമാണ് മാറ്റിസിന്റെ ഇന്ത്യാ സന്ദര്‍ശനം. അഫ്ഗാനില്‍ സമാധാനം തിരിച്ചു കൊണ്ടുവരുന്നതിന് ഇന്ത്യ ഇതിനകം തന്നെ വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും മാറ്റിസ് പറഞ്ഞു. അഫ്ഗാനില്‍ ജനാധിപത്യവും സുരക്ഷയും പൂര്‍ണമായി കൊണ്ടുവരാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ യുഎസ് വിലമതിക്കുന്നുവെന്നും സ്വാഗതം ചെയ്യുന്നുവെന്നും യുഎസ് പ്രതിരോധ സെക്രട്ടറി പറഞ്ഞു. 

Latest News