തിരുവനന്തപുരം- ഷാർജയിൽ മൂന്നു വർഷം തടവുശിക്ഷ പൂർത്തിയാക്കിയ ഇന്ത്യക്കാരെ മോചിപ്പിക്കുമെന്ന് ഷാർജ ഭരണാധികാരി ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പ്രഖ്യാപിച്ചു. ക്രിമിനൽ കുറ്റത്തിനല്ലാത്ത കേസുകളിൽ ജയിലുകളിൽ കഴിയുന്നവരെയാണ് മോചിപ്പിക്കുക. ഇതനുസരിച്ച് ക്രിമിനൽ കുറ്റത്തിനല്ലാതെ ജയിലിൽ കഴിയുന്നവരെ ഇന്ന് രാവിലെ മോചിപ്പിച്ചു. ഷാർജ ഭരണാധികാരിയുമായി നടത്തിയ കൂടിക്കാഴ്ച്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം അഭ്യർഥിച്ചിരുന്നു. ജയിൽ മോചിതരായ മലയാളികളെ നാട്ടിലേക്ക് തിരിച്ചയക്കാതെ അവർക്ക് അവിടെ തന്നെ ജോലി തുടരാനുള്ള സൗകര്യവും ഒരുക്കും. ഇന്ന് രാവിലെ ക്ലിഫ് ഹൗസിലാണ് ഇരുവരും കൂടിക്കാഴ്ച്ച നടത്തിയത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഡി.ലിറ്റ് ബിരുദവും ഷാർജ ഭരണാധികാരി സ്വീകരിച്ചു.






