ബെയ്ജിങ്- ചൈനയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ് അടുത്ത മാസം നടക്കാനിരിക്കെ മൊബൈല്‍ മേസജിങ് അപ്ലിക്കേഷനായ വാട്ആപ്പ് ഉപയോഗത്തിന് അധികൃതര്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി തുടങ്ങിയതായി റിപ്പോര്‍ട്ട്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി വാട്‌സാപ്പ് അടിക്കടി പ്രവര്‍ത്തന രഹിതമാകുന്നതായി ഉപയോക്താക്കളുടെ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. തടയപ്പെട്ടിരുന്ന ടെക്‌സറ്റ് മെസേജിങ്, വോയിസ് കോള്‍, വീഡിയോ കോള്‍ സൗകര്യങ്ങള്‍ ബുധനാഴ്ച വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്. എങ്കിലും വോയിസ് മെസേജുകളും ഫോട്ടോകളും ഇപ്പോഴും തടഞ്ഞുവയ്ക്കപ്പെട്ടിരിക്കുകയാണ്.
സോഷ്യല്‍ മീഡിയാ മേസേജുകള്‍ കൃത്യമായി സെന്‍സര്‍ ചെയ്യുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ചൈനീസ് അധികൃതര്‍ക്ക് എന്‍ക്രിപ്റ്റഡ് രൂപത്തിലുള്ള വാട്‌സാപ്പ് ഉള്ളടക്കങ്ങള്‍ നിരീക്ഷിക്കുന്നതിന് പരിമതിയുണ്ട്. അതു കൊണ്ടാണ് വാട്‌സാപ്പിലെ സേവനങ്ങള്‍ സര്‍ക്കാര്‍ ബ്ലോക് ചെയ്യുന്നത്. ഉപയോക്താക്കളുടെ ഡാറ്റ രാജ്യത്തു തന്നെ സൂക്ഷിക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്ന പുതിയ നിയമം കൊണ്ടു വന്ന് ടെക്ക് കമ്പനികളുടെ മേല്‍ ചൈനീസ് സര്‍ക്കാര്‍് കൂടുതല്‍ പിടിമുറുക്കിയിട്ടുണ്ട്. സര്‍ക്കാര്‍ വിലക്കിയ ഉള്ളടക്കവും സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കാന്‍ പാടില്ല. ഫേസ്ബുക്ക്, ട്വിറ്റര്‍ അടക്കം പല സോഷ്യല്‍ മീഡിയ കമ്പനികള്‍ക്കും ചൈനയില്‍ വര്‍ഷങ്ങളായി വിലക്കുണ്ട്.
ഒക്ടോബര്‍ 18-നാണ് ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത്. ഇത്തരത്തിലുള്ള സുപ്രധാന പാര്‍ട്ടി സമ്മേളനങ്ങള്‍ അടുക്കുമ്പോള്‍ നിരീക്ഷണവും നിയന്ത്രണവും ശക്തമാക്കുന്ന രീതി സാധാരണയാണ്. ചൈനീസ് കമ്പനിയായ ടെന്‍സെന്റിന്റെ വിചാറ്റ് ആപ്പാണ് വാട്‌സാപ്പിനേക്കാള്‍ ചൈനയില്‍ പ്രചാരത്തിലുള്ളത്. എന്നാല്‍ വാട്‌സാപ്പ് ഉപഭോക്താക്കള്‍ക്കാണ് ഇപ്പോള്‍ ആപ്പ് പൂര്‍ണമായും ഉപേയാഗിക്കാന്‍ കഴിയാത്തത്. ഇത് പലപ്പോഴും വിദേശത്തുള്ളവുരമായുള്ള ഇടപാടുകളെ ബാധിക്കുന്നതായും വ്യാപാരികള്‍ അടക്കമുള്ള ഉപഭോക്താക്കള്‍ പറയുന്നു.
ചൈനീസ് ആപ്പുകള്‍ സര്‍ക്കാരിന്റെ കടുത്ത നിയന്ത്രണങ്ങള്‍ക്കു പൂര്‍ണമായും വിധേയമായാണ് പ്രവര്‍ത്തിക്കുന്നത് എന്നതിനാല്‍ കൂടുതല്‍് സ്വാതന്ത്ര്യം നല്‍കുന്ന ടെക്ക് ഭീമന്‍മാരുടെ ആപ്പുകള്‍ക്കാണ് പ്രിയം. എന്നാല്‍ ഫേസ്ബുക്ക്, ട്വിറ്റര്‍, ജിമെയില്‍, വൈബര്‍ തുടങ്ങിയ ആപ്പുകള്‍ക്കെല്ലാം ചൈനയില്‍ വിലക്കുണ്ട്. ട്വിറ്ററിനു സമാനമായ ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ വെയ്‌ബോയിലാണ് പലരും തങ്ങളുടെ പ്രതിഷേധങ്ങള്‍ കുറിച്ചിട്ടുള്ളത്.