ദമാം- മലപ്പുറം മഞ്ചേരി തൃക്കലങ്ങോട് സ്വദേശി പൂളഞ്ചേരി അബ്ദുൽ ലത്തീഫ് (42 ) ദമാമിൽ കോവിഡ് ബാധിച്ചു മരിച്ചു. പന്ത്രണ്ടുവർഷമായി ദമാമിലെ സ്‌പെയർ പാര്ട്‌സ് ഷോപ്പിൽ സെയിൽസ്മാനായി ജോലി ചെയ്തിരുന്ന ഇദ്ദേഹത്തെ ഒരാഴ്ച മുമ്പ് ശ്വാസ തടസ്സവും ചുമയും കഠിനമായതിനെ തുടർന്ന് ദമാം സെൻട്രൽ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ന്യുമോണിയയെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തിരുന്നു. കോവിഡ് പരിശോധനയിൽ പോസിറ്റീവ് സ്ഥിരീകരിച്ചിരുന്ന ഇദ്ദേഹത്തിനു ഇന്ന് ഉച്ചക്ക് മൂന്നു മണിയോടെയാണ് അന്ത്യം സംഭവിച്ചത്. ഉപ്പ അബ്ദുള്ളക്കുട്ടി, ഉമ്മ അലീമ, ഭാര്യ ഷഹനാസ്, മക്കൾ ഇര്ഷാദ്, റിൻഷാദ്. ദമാം മെഡിക്കൽ കോംപ്ലക്‌സിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഖബറടക്കുന്നതിനുള്ള നടപടി ക്രമങ്ങൾ സാമൂഹ്യ പ്രവർത്തകരായ ഇഖ്ബാൽ ആനമാങ്ങാടിന്റെയും ജാഫർ കൊണ്ടോട്ടിയുടെയും നേതൃത്വത്തിൽ പുരോഗമിക്കുന്നു.